ശനിയാഴ്ച പുലർച്ചെ മഥുരയിലെ യമുന എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് പേർക്കു പരിക്കേറ്റു. ഏഴു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്, ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം ഹർദോയിൽനിന്നു നോയിഡയിലേക്കു മടങ്ങുകയായിരുന്നു സംഘം. പുലർച്ചെ അഞ്ചോടെ ഇവരുടെ കാർ ഒരു അജ്ഞാത വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നു.
കാർ യാത്രികർ യുപിയിലെ ഹർദോയ് ജില്ലയിൽനിന്നുള്ളവരാണെന്നും അവർ ഇപ്പോൾ താമസിക്കുന്ന നോയിഡയിലേക്കു മടങ്ങുകയായിരുന്നുവെന്നും പോലീസ് സൂപ്രണ്ട് (റൂറൽ) ശ്രീഷ് ചന്ദ്ര പറഞ്ഞു. മരിച്ചവരിൽ മൂന്നു സ്ത്രീകളും മൂന്നു പുരുഷന്മാരും ഒരു കുട്ടിയും ഉൾപ്പെടുന്നു. മറ്റൊരു കുട്ടിയും ഒരു പുരുഷനും ആശുപത്രിയിലാണ്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ഉത്തർപ്രദേശിലെ മഥുരയിലുണ്ടായ വാഹനാപകടം ഹൃദയഭേദകമാണ്. ഈ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ- പ്രധാനമന്ത്രിയുടെ ഓഫീസ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്കു മതിയായ ചികിത്സ നൽകാൻ ഭരണകൂടത്തോടു നിർദേശിക്കുകയും ചെയ്തു.