NEWS

അരവിന്ദ് കെജരിവാള്‍ കേരളത്തിലേക്ക്; യുഡിഎഫ് ക്യാമ്പിൽ ആശങ്ക

തൃക്കാക്കര: ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ട്വന്റി ട്വന്റിയുമായി ചേർന്ന് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ അരവിന്ദ് കെജരിവാൾ കേരളത്തിലേക്ക്.മെയ് പതിനഞ്ചിനാണ് കെജരിവാള്‍ കൊച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നത്. ഇതോടെ, പാര്‍ട്ടിക്ക് മുന്നേറാനുള്ള വഴികള്‍ ഒരുങ്ങും എന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ആം ആദ്മി നേതാക്കൾ.

ആം ആദ്മി പാര്‍ട്ടി ജനിച്ചതും വളര്‍ന്നതുമെല്ലാം കോണ്‍ഗ്രസ്സ് വോട്ട് ബാങ്കുകള്‍ തരിപ്പണമാക്കിയാണ്. അത്തരമൊരു സാധ്യത കേരളത്തിലും ആവര്‍ത്തിക്കാനുള്ള സാധ്യതയും ഇപ്പോഴത്തെ സാഹചര്യത്തില്‍ തള്ളിക്കളയാന്‍ കഴിയുകയില്ല. ഇടതുപക്ഷ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ കഴിയില്ലങ്കിലും, യു.ഡി.എഫ് വോട്ട് ബാങ്കില്‍ പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്സ് വോട്ടുബാങ്കില്‍ അവര്‍ക്ക് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും അതു തന്നെയാണ് യു.ഡി.എഫ് നേതാക്കളെയും ആശങ്കപ്പെടുത്തുന്നത്.

 

Signature-ad

ബി.ജെ.പിക്ക് ഒരു ബദല്‍ എന്നതിനേക്കാള്‍, ബി.ജെ.പിയുടെ ബി ടീം എന്നാണ് ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്. ‘കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന’ ലക്ഷ്യം കൈവരിക്കാന്‍ പരിവാര്‍ തന്നെ തിരികൊളുത്തിയ മൂവ്മെന്റാണ് ഇതെന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഭൂരിപക്ഷ പ്രീണന കാര്യത്തില്‍ സംഘപരിവാറിന്റെ നിലപാടു തന്നെയാണ്, ആം ആദ്മി പാര്‍ട്ടിയും പിന്തുടരുന്നത്. അത് കെജരിവാള്‍ ഉള്‍പ്പെടെ ഉള്ളവരുടെ പ്രവര്‍ത്തികളിലും, നിലപാടുകളിലും മാത്രമല്ല, വേഷങ്ങളിലും പ്രകടമാണ്. കോണ്‍ഗ്രസ്സിനെയാണ് അവർ ആദ്യം ഉന്നം വയ്ക്കുന്നത്.

 

ഡല്‍ഹിയില്‍ മാത്രമല്ല, പഞ്ചാബിലും കോൺഗ്രസിന്റെ ഭരണം നഷ്ടമാക്കിയത് ആം ആദ്മി പാർട്ടിയാണ്.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മോദിയുടെ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഉള്‍പ്പെടെ ബി.ജെ.പിക്ക് ബദല്‍ ആം ആദ്മി പാര്‍ട്ടി വരണമെന്നതാണ് പരിവാര്‍ സംഘടനകള്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ അവര്‍ കേരളവും ലക്ഷ്യമിടുമ്ബോള്‍ അജണ്ടയും മറ്റൊന്നാണ്. അതാകട്ടെ കാവി രാഷ്ട്രീയത്തിന് അനുകൂലവുമാണ്.

 

എന്നാൽ എണ്ണമറ്റ പോരാട്ടങ്ങളിലൂടെ രാഷ്ട്രീയ പ്രബുദ്ധത നേടിയ കേരളത്തില്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് ഇടം ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കിഴക്കമ്ബലത്തെ ട്വന്റി ട്വന്റി വിജയമാണ് കെജരിവാളിന്റെ ആത്മവിശ്വാസത്തിനു പിന്നിലെങ്കില്‍ അതൊരു തെറ്റായ കണക്കുകൂട്ടലുകള്‍ ആയിരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയുടെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന കുന്നത്തുനാട് മണ്ഡലത്തിലും വന്‍ വിജയം നേടിയത് ഇടതുപക്ഷമാണ്. ട്വന്റി ട്വന്റി ആം ആദ്മിയില്‍ ലയിച്ചതു കൊണ്ടോ സഖ്യമായതു കൊണ്ടോ ചുവപ്പ് കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കു കഴിയുകയില്ല.

 

ഒരു എം.എല്‍.എയോ ഡല്‍ഹി കോര്‍പ്പറേഷനില്‍ ഒരു അംഗമോ പോലും ഇല്ലാതിരുന്നിട്ടും, ജഹാംഗീര്‍പുരിയിലെ ജനങ്ങള്‍ക്കു വേണ്ടി രംഗത്തിറങ്ങിയത് സി.പി.എമ്മാണ്.സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി പോലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ‘അജണ്ട’ നടപ്പാക്കുന്ന കോര്‍പ്പറേഷന്‍ – പൊലീസ് അധികൃതരുടെ നടപടിക്കു മുന്നില്‍ പകച്ചു നിന്നപ്പോള്‍ അവിടെ പ്രതിരോധത്തിന്റെ കോട്ട തീര്‍ത്തത് സി.പി.എമ്മിന്റെ പി.ബി അംഗം വൃന്ദകാരാട്ടാണ്.

കേരളത്തില്‍ പാര്‍ട്ടിക്ക് സാധ്യതയുണ്ടോ എന്നറിയാന്‍ , മൂന്നു സര്‍വ്വെകളാണ് ആം ആദ്മി പാര്‍ട്ടി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ സര്‍വേ റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിരിക്കുന്നതും, ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ തകര്‍ക്കുക പ്രയാസമാണ് എന്നതാണ്. അതേസമയം, കോണ്‍ഗ്രസ്സ് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ എളുപ്പമാണെന്ന കണ്ടെത്തലും, ഈ സര്‍വേയിലുണ്ട്.പഞ്ചാബില്‍ ആം ആദ്മി പാർട്ടിക്കു വേണ്ടി സര്‍വ്വെ നടത്തിയ അതേ ഏജന്‍സിയാണ് കേരളത്തിലും സര്‍വ്വെ നടത്തിയിരിക്കുന്നത്.

Back to top button
error: