KeralaNEWS

മരിച്ച പെന്‍ഷൻകാരിയുടെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങൾ തട്ടി എടുത്ത ട്രഷറി ഉദ്യോഗസ്ഥൻ കുടുങ്ങി, കൂടുതല്‍ പ്രതികളെന്ന് സൂചന

ത്തനംതിട്ട: മരിച്ചു പോയ പെന്‍ഷണറുടെ പേരില്‍ ജില്ലാ ട്രഷറിയിലുണ്ടായിരുന്ന 8.13 ലക്ഷം രൂപ വ്യാജ അക്കൗണ്ട് ചമച്ച് തട്ടിയെടുത്ത സബ്ട്രഷറിയിലെ കാഷ്യറെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

പെരുനാട് സബ്ട്രഷറിയിലെ കാഷ്യര്‍ ഈരാറ്റുപേട്ട വട്ടക്കയം ചെമ്പകശേരില്‍ വീട്ടില്‍ സി.ടി. ഷഹീറാ(34)ണ് അറസ്റ്റിലായത്. ജില്ലാ കലക്ടറേറ്റിനു സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു മുഖ്യപ്രതി ഷഹീർ.

Signature-ad

ഡിവൈ.എസ്.പി, ജെ. ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയില്‍ എടുത്തു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഷഹീര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചു വരികയായിരുന്നു.

2020 ജൂണ്‍ 17 മുതല്‍ 2021 ഡിസംബര്‍ 24 വരെയുള്ള കാലയളവില്‍ ഷഹീര്‍ ജില്ലാ ട്രഷറിയില്‍ ജോലി ചെയ്യുമ്പോഴാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. സുധീഷ്. എസ്, മണ്ണിലേത്ത്, ഓമല്ലൂര്‍, മഞ്ഞനിക്കര എന്ന വിലാസത്തില്‍ വ്യാജ എസ്.ബി അക്കൗണ്ട് ഉണ്ടാക്കിയ ശേഷം മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഒറിജിനല്‍ രേഖയാക്കി മാറ്റി. തുടര്‍ന്ന് 2014 ജൂലൈയില്‍ മരിച്ച സര്‍വീസ് പെന്‍ഷനറായ മഞ്ഞനിക്കര സ്വദേശിനിയുടെ അക്കൗണ്ടില്‍ നിന്നും പണം വ്യാജ അക്കൗണ്ടിലേക്ക് മാറ്റി. ജില്ലാ ട്രഷറിയിലെ 2012 മുതല്‍ 2015 വരെയുള്ള സ്ഥിര നിക്ഷേപ അക്കൗണ്ടുകള്‍ ക്രമവിരുദ്ധമായി പുതുക്കി. അവയുടെ പലിശത്തുക വ്യാജഅക്കൗണ്ടിലേക്ക് മാറ്റി. തുടര്‍ന്ന് ഈ അക്കൗണ്ടിലേക്ക് ചെക്ക് ബുക്ക് ഉണ്ടാക്കി മേലധികാരികളെ തെറ്റിദ്ധരിപ്പിച്ച് പാസാക്കി പണം
കൈവശപ്പെടുത്തുകയായിരുന്നു.

2012 ല്‍ മൂന്നു സ്ഥിരം നിക്ഷേപ അക്കൗണ്ടുകളാണ് പെന്‍ഷണര്‍ ജില്ലാ ട്രഷറിയില്‍ തുടങ്ങിയത്. ഇത് 2015 ല്‍ കാലാവധി പൂര്‍ത്തിയാകുന്നവയായിരുന്നു. ഇതിനിടെ 2014 ല്‍ അക്കൗണ്ട് ഉടമ മരണപ്പെട്ടു. പ്രതി 2020 ജൂണില്‍ അക്കൗണ്ടുകള്‍ ക്രമവിരുദ്ധമായി 2021 വരെയുള്ള കാലയളവിലേക്ക് പുതുക്കിയ ശേഷം വ്യാജ അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്തത്. ഇവരുടെ പെന്‍ഷന്‍ തുക നിക്ഷേപിച്ചിരുന്ന എസ്. ബി അക്കൗണ്ട് 2021 സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയാകുന്നതായിരുന്നു.

ഇത് ജൂണില്‍ ക്രമവിരുദ്ധമായി ക്ലോസ് ചെയ്ത് ഷഹീര്‍ വ്യാജ അക്കൗണ്ടിലേക്ക് മാറ്റി. ഷഹീര്‍ ജില്ലാ ട്രഷറിയില്‍ എസ്.ബി സെക്ഷനില്‍ ജൂനിയര്‍ അക്കൗണ്ടന്റായി ജോലി നോക്കിയ കാലയളവില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കാന്‍ ഉപയോഗിച്ച സുധീഷ് എന്ന പേരിലും വിലാസത്തിലും ഒരാളില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത ശേഷം വിശദമായി നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ ജില്ലാ ട്രഷറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പെരുനാട് സബ് ട്രഷറി ഓഫീസിലെ തട്ടിപ്പിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിരിമറി കണ്ടെത്തിയത്.

കുറ്റകൃത്യം വെളിപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെയും കോന്നി സബ് ട്രഷറി ഓഫീസര്‍ രഞ്ജി കെ. ജോണ്‍, ജില്ലാ ട്രഷറി ജൂനിയര്‍ സൂപ്രണ്ട് കെ.ജി. ദേവരാജന്‍, ജൂനിയര്‍ അക്കൗണ്ടന്റ് ആരോമല്‍ അശോകന്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ യൂസര്‍ ഐഡി, പാസ്‌വേര്‍ഡ് എന്നിവ ദുരുപയോഗം ചെയ്താണ് പ്രതി രണ്ടു വര്‍ഷത്തോളം സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ഇക്കാലയളവില്‍ ഏഴു തവണ ചെക്ക് ഉപയോഗിച്ച് പണം കൈവശപ്പെടുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
പെരുനാട് സബ് ട്രഷറിയിലെ ഒരു ചെക്ക് മാത്രമാണ് ഇയാള്‍ നേരിട്ട് മാറിയെടുത്തത്. ബാക്കിയുള്ളവ മാറിയതെങ്ങനെയെന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിലാണ്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഹാര്‍ഡ് ഡിസ്‌കുകളും സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണസംഘം വീണ്ടെടുത്തു. ജില്ലാ ട്രഷറിയില്‍ നിന്നും മൂന്നു തവണയും എരുമേലി സബ് ട്രഷറിയില്‍ നിന്ന് രണ്ടു പ്രാവശ്യവും മല്ലപ്പള്ളി, പെരുനാട് സബ് ട്രഷറികളില്‍ നിന്ന് ഓരോ തവണയുമാണ് ചെക്ക് മാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ലോഗിന്‍ വിവരങ്ങള്‍ വിശദമായി പരിശോധിച്ച സംഘം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററില്‍ നിന്നും കേരള സ്‌റ്റേറ്റ് ഡാറ്റാ സെന്ററില്‍ നിന്നും മറ്റും ലഭ്യമായ ഡിജിറ്റല്‍ വിവരങ്ങളും ശാസ്ത്രീയ തെളിവുകളും സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ ശേഖരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

നൂറോളം രേഖകള്‍ കണ്ടെടുത്തു. സാമ്പത്തിക തട്ടിപ്പില്‍ പ്രതിക്ക് പുറത്തുനിന്നുള്ള സഹായം കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യവും ഇയാള്‍ക്ക് അനധികൃത സാമ്പാദ്യം ഉണ്ടോ എന്നതും വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ജില്ലാ ട്രഷറി സ്റ്റാമ്പ് ഡിപ്പോ ഓഫീസര്‍ രാജേഷ് ടി. നായര്‍ നല്‍കിയ പരാതിയില്‍ പത്തനംതിട്ട പോലീസും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ടു കേസുകളും കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: