NEWS

പാക്കിസ്ഥാന്റെ അഹന്തയ്ക്കു മേൽ ഇന്ത്യയുടെ ഓപ്പറേഷൻ വിജയ്

23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1999 മേയ് മൂന്നിനാണ് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കണ്ടതായി കാര്‍ഗില്‍ പര്‍വതപ്രദേശത്തുള്ള പ്രാദേശിക ഇടയന്മാര്‍ ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ ഇടയന്‍മാരില്‍ നിന്നും ലഭിച്ച വിവരങ്ങളെ കുറിച്ച്‌ തിരക്കാന്‍ ഇന്ത്യ കുറച്ച്‌ സൈനികരെ അതിര്‍ത്തിയിലേക്ക് അയച്ചു. എന്നാല്‍ ഇവരില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ചു. ഇതോടെ സൈന്യം ജാഗ്രതയിലായി.

എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഏകപക്ഷീയമായി ആക്രമണം നടത്താനാണ് പാക് സൈന്യം തുനിഞ്ഞത്. 1999 മേയ് ഒന്‍പതിന് കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിമരുന്ന് ഡിപ്പോകള്‍ ലക്ഷ്യമാക്കി പാകിസ്ഥാന്‍ സൈന്യം കനത്ത ഷെല്ലാക്രമണം ആരംഭിച്ചു. പിന്നാലെ ദ്രാസ്, കക്സര്‍ സെക്ടറുകള്‍ ഉള്‍പ്പെടെ ജമ്മു കാശ്മീരിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പാകിസ്ഥാന്‍ സൈനികര്‍ നുഴഞ്ഞുകയറ്റം ആരംഭിച്ചു.

 

Signature-ad

പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായ നുഴഞ്ഞ് കയറ്റ ശ്രമങ്ങള്‍ തകര്‍ക്കാന്‍ മേയ് പകുതിയോടെ ഇന്ത്യ ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ ആക്രമണം ആരംഭിച്ചു. സാവധാനം പാകിസ്ഥാനെ തുരത്താനുള്ള പദ്ധതിയാണ് ഇന്ത്യ തയ്യാറാക്കിയത്. കാശ്മീരിലേത് ഭീകരാക്രമണമാണെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് പാക് വാദം ഉയര്‍ത്തിയത്. വ്യോമസേന കൂടി കരസേനയ്‌ക്കൊപ്പം ചേര്‍ന്നതോടെയാണ് കാര്‍ഗിലില്‍ ഇന്ത്യന്‍ മുന്നേറ്റത്തിന് വേഗം കൈവന്നത്. പിന്നീട് സംഭവിച്ചത് ഇപ്രകാരമായിരുന്നു.

മേയ് 26, 1999: ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ വധിച്ചു.

ജൂണ്‍ 1, 1999: പാകിസ്ഥാന്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുകയും ഇന്ത്യന്‍ ദേശീയ പാത ഒന്ന് ലക്ഷ്യമാക്കി നീക്കങ്ങള്‍ നടത്തുകയും ചെയ്തു. താമസിയാതെ അന്താരാഷ്ട്രതലത്തില്‍

പാകിസ്ഥാനെതിരെ ശബ്ദം ഉയര്‍ന്നു തുടങ്ങി. സൈനിക നടപടിയുടെ ഉത്തരവാദിത്തം ഫ്രാന്‍സും അമേരിക്കയും പാക് സര്‍ക്കാരിന് മേല്‍ ചുമത്തി

ജൂണ്‍ 5, 1999: പാകിസ്ഥാന്‍ സൈന്യത്തിന്റെ പങ്ക് വെളിപ്പെടുത്തുന്ന രേഖകള്‍ ഇന്ത്യ പുറത്തുവിട്ടു.

ജൂണ്‍ 9, 1999: ജമ്മു കാശ്മീരിലെ ബതാലിക് സെക്ടറിലെ രണ്ട് സുപ്രധാന സ്ഥാനങ്ങള്‍ ഇന്ത്യന്‍ ആര്‍മി തിരിച്ചുപിടിച്ചു.

ജൂണ്‍ 13, 1999: ഇന്ത്യന്‍ സായുധ സേന ടോലോലിംഗ് കൊടുമുടി തിരിച്ചുപിടിച്ചു. ഇത് പാകിസ്ഥാന് വലിയ തിരിച്ചടിയായിരുന്നു.

ജൂണ്‍ 20, 1999: ടൈഗര്‍ ഹില്ലിന് സമീപമുള്ള പ്രധാന സ്ഥാനങ്ങള്‍ ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചു.

ജൂലായ് 4, 1999: ഇന്ത്യന്‍ സൈന്യം ടൈഗര്‍ ഹില്‍ തിരിച്ചുപിടിച്ചു.

ജൂലായ് 5 1999: അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കാര്‍ഗിലില്‍ നിന്ന് പാകിസ്ഥാന്‍ സൈന്യം പിന്‍വാങ്ങുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ജൂലായ് 12, 1999: പാകിസ്ഥാന്‍ സൈനികര്‍ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായി.

ജൂലായ് 14, 1999: ഇന്ത്യന്‍ പ്രധാനമന്ത്രി സൈന്യത്തിന്റെ ‘ഓപ്പറേഷന്‍ വിജയ്’ വന്‍ വിജയമായി പ്രഖ്യാപിച്ചു.

ജൂലായ് 26, 1999: പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ എല്ലാ സ്ഥാനങ്ങളും സൈന്യം തിരിച്ചുപിടിച്ചു.

 

 

രണ്ട് മാസവും മൂന്നാഴ്ചയും നീണ്ട് നിന്ന കാര്‍ഗില്‍ യുദ്ധത്തിലൂടെ ഇന്ത്യ അയല്‍വാസിയുടെ തനിനിറം ലോകത്തിന് മുന്നില്‍ വെളിവാക്കി. മാതൃരാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ 500ലധികം ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചു. എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്ത് ആയിരക്കണക്കിന് ഭീകരരുടേയും സൈനികരുടേയും ജീവനാണ് നഷ്ടമായത്. മൂവായിരത്തിലധികം പാക് സൈനികരും ഭീകരരും യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കയ്യാല്‍ വധിക്കപ്പെട്ടു. അന്താരാഷ്ട്ര തലത്തിലും ഇന്ത്യയ്ക്ക് യുദ്ധം നിരവധി സുഹൃത്തുക്കളെ സമ്മാനിച്ചു. ഇന്ത്യ – ഇസ്രയേല്‍ ബന്ധം ദൃഢമായത് കാര്‍ഗില്‍ യുദ്ധകാലത്താണ്. ഇന്ത്യയ്ക്ക് ആവശ്യമായ അത്യാധുനിക ആയുധങ്ങള്‍ നല്‍കി ഇസ്രയേല്‍ കൈയയച്ചു സഹായിച്ചു.റഷ്യയും പൂർണ്ണ പിന്തുണയോടെ ഇന്ത്യക്കൊപ്പം ഉണ്ടായിരുന്നു.

Back to top button
error: