മഞ്ചേരി: ഏഴാം കിരീടം എന്ന ലക്ഷ്യത്തോടെ സന്തോഷ് ട്രോഫി ഫൈനലിൽ നാളെ ബംഗാളിനെതിരെ കേരളം ഇറങ്ങും.32 തവണ ജേതാക്കളായ ടീമാണ് ബംഗാൾ.എന്നാൽ ഇക്കുറി കേരളത്തിന് അനുകൂലമാണ് കാര്യങ്ങൾ.
മലപ്പുറത്തെ ഫുട്ബോൾ പ്രേമികളുടെ ആവേശം തന്നെയാണ് കേരളത്തിന് അനുകൂലമായ എടുത്തു പറയേണ്ട ഘടകം.തന്നെയുമല്ല കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് മത്സരത്തിൽ കേരളം 2-0 ന് ബംഗാളിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു.
കര്‍ണാടകയ്‌ക്കെതിരായ സെമിയില്‍ പകരക്കാരനായെത്തി കേരളത്തിനായി 5 ഗോള്‍ നേടിയ ടി.കെ ജെസിനിൽ തന്നെയാണ് ഇത്തവണയും കേരളത്തിന്റെ പ്രതീക്ഷ. ടൂര്‍ണമെന്റില്‍ 6 ഗോളുകളുമായി ജെസിൻ ഇപ്പോൾ മുന്നിലാണ്.കേരള യുണൈറ്റഡ് എഫ്.സി താരമാണ് ഈ മലപ്പുറത്തുകാരന്‍.
പ്രായത്തിലും അനുഭവ സമ്ബത്തിലും ഏറ്റവും സീനിയറായ ക്യാപ്റ്റൻ ജിജോ ജോസഫ് തൊട്ടു പിന്നിലുണ്ട്.ടൂര്‍ണമെന്റില്‍ രാജസ്ഥാനെതിരായ ഹാട്രിക്ക് ഉള്‍പ്പെടെ ഇതേ വരെ താരം 5 ഗോളുകള്‍നേടി.ജിജോയുടെ
ഏഴാം സന്തോഷ് ട്രോഫിയാണിത്. 2018 ല്‍ കൊല്‍ക്കത്തയില്‍ കപ്പ് ഉയര്‍ത്തിയ കേരള ടീമംഗമായ ജിജോ കെഎസ്.ഇ.ബി താരവും തൃശൂര്‍ സ്വദേശിയുമാണ്.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് കളി തുടങ്ങുക.പ്രതാപം വറ്റിയെങ്കിലും സന്തോഷ് ട്രോഫി ഇന്നും കേരളത്തിന് ആവേശം തന്നെയാണ്. നാട്ടുകാര്‍ക്കുമുന്നില്‍ സന്തോഷം നിറയ്ക്കാന്‍ ഒറ്റ ജയമകലെയാണ് കേരളം. കിരീടപ്പോരിലെ എതിരാളികള്‍ നാല്‍പ്പത്തിയാറാം ഫൈനലിന് ഇറങ്ങുന്ന ബംഗാൾ ആണെന്നു മാത്രമാണ് ഏക പ്രശ്നം.എങ്കിലും മഞ്ചേരിയിൽ നാളെ സന്തോഷത്തിന്റെ പുഞ്ചിരി വിടരുമെന്ന് തന്നെയാണ് വിശ്വാസം.