കോട്ടക്കൽ: സ്കൂട്ടറിൽ കാശ്മീരിലേക്ക് യാത്രതിരിച്ച യുവാക്കൾ പങ്കെടുത്തത് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നോമ്പുതുറകളിൽ. കോട്ടയ്ക്കൽ പുതുപ്പറമ്പ് സ്വദേശി സ്വാഫുവാനും സുഹൃത്ത് പണക്കാട് മുവാദുമാണ് റമദാനിൽ വിവിധ സംസ്ഥാനങ്ങളിലെ നോമ്പുതുറയിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ ഇന്ത്യ ചുറ്റിയത്.
റമദാൻ ഒന്നിനാണ് ഇരുവരും കാശ്മീർ യാത്ര ആരംഭിച്ചത്. തുടർന്ന് 16 ദിവസങ്ങളിലായി കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, കാശ്മീർ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇവർ സഞ്ചരിച്ചത്.
റമദാനിലെ യാത്ര ഏറെ പ്രയാസകരമാണെന്നും കടുത്ത വേനലാണെന്നുമൊക്കെ പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും ഇരുവരും പിൻതിരിഞ്ഞില്ല. ഓരോ സംസ്ഥാനത്തെയും ഗ്രാമങ്ങളിൽ എത്തുമ്പോൾ മലയാളികളാണ് എന്ന സ്നേഹവും പരിഗണനയും വേണ്ടുവോളം ലഭിച്ചിരുന്നു. നോമ്പുതുറയും അത്താഴവുമെല്ലാം സമൃദ്ധമായി നൽകി. കൂടാതെ താമസിക്കാനുള്ള സൗകര്യവും ലഭിച്ചു എന്ന് ഇരുവരും പറഞ്ഞു.
രാജ്യത്ത് മതസൗഹാർദ്ദവും സമാധാനവും പുലർത്തി ജീവിക്കുക എന്ന ആദർശം ഉയർത്തി ‘റൈഡ് ഇൻ പീസ്’ എന്ന സന്ദേശവുമായാണ് മലപ്പുറത്തുനിന്ന് യാത്ര ആരംഭിച്ചത്. ഓൾ ഇന്ത്യാ റൈഡേഴ്സ് ക്ലബ്ബ് വാട്സാപ്പ് കൂട്ടായ്മ യാത്രയ്ക്ക് സഹായങ്ങൾ നൽകി എന്ന് സ്വാഫുവാനും മുവാദും പറയുന്നു.