തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ ഓഫീസേഴ്സ് അസോസിയേഷനും ചെയര്‍മാനും തമ്മിലുള്ള പോര് നീളുന്നു. സ്ഥലം മാറ്റ ഉത്തരവ് അംഗീകരിച്ച് ജോലിയില്‍ പ്രവേശിച്ചാല്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കാമെന്ന നിലപാടിലാണ് വൈദ്യുതി മന്ത്രി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം, ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രശ്നപരിഹാരത്തിന് ഇടപെടുന്നുണ്ട്. പ്രതികാര നടപടി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഓഫീസേഴസ് അസോസിയേഷന്‍ ഉറച്ച് നിൽക്കുകയാണ്.
വൈദ്യുതി ബോര്‍ഡിലെ പ്രശ്നപരിഹാരത്തിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉറപ്പ് നല്‍കിയ ഒരാഴ്ച കാലാവധി ഇന്ന് അവസാനിച്ചു. എന്നാല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലംമാറ്റ ഉത്തരവ് അതേപടി നിലനില്‍ക്കുന്നു. സസ്പെന്‍ഷനൊപ്പം നല്‍കിയ കുറ്റപത്രത്തിന് നേതാക്കള്‍ ഇതുവരെ മറുപടി നല്‍കിയിട്ടുമില്ല. വാഹന ദുരുപയോഗം ചൂണ്ടിക്കാട്ടി എംജി സുരേഷ്കുമാറിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും നിലനില്‍ക്കുന്നു.
വൈദ്യുതി മന്ത്രി ഇന്ന് തലസ്ഥാനത്തുണ്ടായിരുന്നെങ്കിലും ഓഫീസേഴസ് അസോസിയേഷനുമായി ചര്‍ച്ചയെന്നും നടന്നില്ല.സ്ഥലം മാറ്റ ഉത്തരവ് പാലിച്ച് ജോലിയില്‍ പ്രവേശിക്കുകയും, കുറ്റപത്രത്തിന് മറുപടി നല്‍കുകയും ചെയ്താല്‍ അനഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാമെന്ന നിലപാടിലാണ് മന്ത്രി. പൊതുതാത്പര്യ ഹര്‍ജിയിലെ ഇടക്കാല ഉത്തരവനുസരിച്ച് പ്രശന്പരിഹരാത്തിന് ഇടപെടാന്‍ ഉര്‍ജ്ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുള്ള സമരം നടന്നാല്‍ കര്‍ശന നടപടിയെടുക്കാനും ഉത്തരവില്‍ പറയുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി കേരളത്തിന് പുറത്തായതിനാല്‍ ഉടന്‍ ചര്‍ച്ചക്ക് സാധ്യതയില്ല.
മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലായതിനാല്‍ ഉന്നത രാഷ്ട്രീയ ഇടപെടലും ഉടന്‍ ഉണ്ടാകില്ല. തുടര്‍ പ്രക്ഷോഭ പരിപാടിയും, മെയ് 16 മുതല്‍ ചട്ടപ്പടി സമരവും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് മേലുള്ള സമ്മര്‍ദ്ദം കടുക്കുമെന്നാണ് സൂചന.