തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഐഎഎസ് വിവാഹം. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനും (sriram venkitaraman IAS), ആലപ്പുഴ കളക്ടർ രേണുരാജും (Renu Raj IAS) വിവാഹിതരാവുന്നു. വിവാഹം കഴിക്കാനുള്ള തീരുമാനം ഇവർ ഐഎഎസ് സുഹൃത്തുക്കളെ വാട്സ് ആപ്പ് വഴി അറിയിച്ചു. എറണാകുളത്ത് വച്ച് ഈ ആഴ്ചയാണ് വിവാഹമെന്നാണ് ശ്രീറാം വെങ്കിട്ടരാമനും രേണുരാജും സുഹൃത്തുക്കളെ അറിയിച്ചിരിക്കുന്നത്.
ദേവികുളം സബ് കളക്ടറായിരുന്നപ്പോൾ കൈയേറ്റം ഒഴിപ്പിക്കലൂടെ ശ്രദ്ധനേടിയ ഐഎഎസുകാരനാണ് ശ്രീറാം വെങ്കിട്ടരാമൻ. പിന്നീട് ഇതേ പദവിയിൽ എത്തിയ രേണുരാജും കൈയ്യേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. രണ്ടുപേരും ഡോക്ടർമാരാണെന്ന സമാനതയുമുണ്ട്.
കൈയേറ്റക്കാർക്കെതിരെ നടപടികളിലൂടെ വാര്‍ത്തകളിൽ താരമായി മാറിയ ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വണ്ടിയിടിച്ചുകൊലപ്പെടുത്തിയ കേസോടെ കരിയറിൽ നിറം മങ്ങിയ നിലയിലായി. വാഹന അപകടക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതോടെ ശ്രീറാം സസ്പെൻഷനിലായി. ദീർഘനാളത്തെ സസ്പെൻന് ശേഷം സർവ്വീസിൽ തിരികെയെത്തിയ ശ്രീറാം വെങ്കട്ടരാമൻ നിലവിൽ ആരോഗ്യവകുപ്പിലാണ്.
ആലപ്പുഴ ജില്ലാ കളക്ടറായ രേണുരാജ് ചങ്ങനാശേരി സ്വദേശിയാണ്. രണ്ടാം റാങ്കോടെയാണ് സിവിൽ സർവ്വീസ് വിജിയിച്ചത്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തെ വേർപിരിഞ്ഞിരുന്നു. ശ്രീറാമിൻെറ ആദ്യവിവാഹമാണിത്. അടുത്ത സുഹൃത്തുക്കളെ വിവാഹ വാർത്ത അറിയിച്ചെങ്കിലും ചടങ്ങിലേക്ക് ആർക്കും ക്ഷണമില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും വിവാഹം. സഹപ്രവർത്തകർക്കായി വിവാഹ സൽക്കാരം പിന്നീട് നടത്തുമെന്നാണ് അറിയുന്നത്.
ശ്രീറാമിൻ്റേയും രേണുവിൻ്റേയും വിവാഹത്തിന് മുൻപേ കേരള കേഡറിലെ മറ്റൊരു സിവിൽ സര്‍വ്വീസ് ഉദ്യോഗസ്ഥ കൂടി വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്. തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോംഗ്രെ ഐപിഎസ് ആണ് തിങ്കളാഴ്ച വിവാഹിതയാകുന്നത്. മുംബൈയിലാണ് ഐശ്വര്യയുടെ വിവാഹച്ചടങ്ങുകൾ. എറണാകുളം സ്വദേശിയും ഐടി ഉദ്യോഗസ്ഥനുമായ അഭിഷേക് ആണ് വരൻ. എയർ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്തിന്റെയും അഞ്ജന ദോംഗ്രെയുടെയും മകളാണ് ഐശ്വര്യ. ഐശ്വര്യ പഠിച്ചതും വളർന്നതും മുംബൈയിലാണ്. മുംബൈ ജൂഹുവിലെ ഇസ്കോൺ മണ്ഡപഹാളിൽ നാളെ വൈകിട്ട് ആറു മണി മുതലാണ് ചടങ്ങുകൾ. കൊച്ചി സ്വദേശികളായ ഗീവർഗീസിന്റെയും ചിത്ര കൃഷ്ണന്റെയും മകനാണ് അഭിഷേക്.
2017ലാണ് ഐശ്വര്യ സിവിൽ സർവീസ് പരീക്ഷയെഴുതിയത്. 196-ാം റാങ്കു നേടി ഐപിഎസ് തെരഞ്ഞെടുത്തു. തിരുവനന്തപുരം ശംഖുമുഖം അസി. കമ്മീഷണറായിരിക്കെ അര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ ഹൃദയം കൊച്ചിയിലെത്തിക്കാൻ നേതൃത്വം നൽകിയ സംഭവത്തോടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടത്. കൊച്ചി ഡിസിപിയായി ചാർജെടുത്തയുടൻ മഫ്ടിയിലെത്തിയ തന്നെ തടഞ്ഞ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിച്ചത് വിവാദമായിരുന്നു.