സിൽവർ ലൈൻ പദ്ധതി ലാഭകരമാകില്ലെന്നും ബദലായി ടില്‍ട്ടിംഗ് ട്രെയിന്‍ സംവിധാനമാണ് കേരളത്തിന് അനുയോജ്യമെന്നും സെമി-ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്തിയ സിസ്ട്രയുടെ തലവനായിരുന്ന അലോക് കുമാര്‍ വര്‍മ്മ.റെയില്‍വേയിലെ റിട്ട. ചീഫ് എന്‍ജിനിയര്‍ കൂടിയാണദ്ദേഹം.
കേരളത്തിലെ റെയില്‍വേ യാത്രക്കാരില്‍ കൂടുതലും സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നവരാണ്.ചരക്ക് നീക്കവും അങ്ങനെതന്നെയാണ്.എന്നിട്ടും നിലവിലെ റെയില്‍വേ സംവിധാനവുമായി ബന്ധിപ്പിക്കാനാകാത്ത വിധത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി കൊണ്ടുവരുന്നതിനെയാണ് അലോക് ചോദ്യം ചെയ്യുന്നത്.
സില്‍വര്‍ ലൈനിന് ബദലായി വളവുകളില്‍ വേഗത്തിലോടുന്ന ടില്‍ട്ടിംഗ് ട്രെയിന്‍ സംവിധാനം നടപ്പാക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ ശുപാര്‍ശ.നിലവിലെ റെയില്‍വേ ലൈനിലൂടെ ഈ ട്രെയിന്‍ ഓടിക്കാം. ആറുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താനാവും.ഭൂമിയേറ്റെടുക്കേണ് ടി വരില്ല. ചെലവ് 25,000കോടിയില്‍ കൂടില്ല. നിലവിലെ ലൈന്‍ ശക്തിപ്പെടുത്തുകയും സിഗ്നലിംഗ് സംവിധാനം നവീകരിക്കുകയും ചെയ്താല്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം ഉറപ്പാക്കാനാവും.ടില്‍ട്ടിംഗ് ട്രെയിനാണ് കേരളത്തിന് കൂടുതൽ അനുയോജ്യമെന്നാണ് അലോകിന്റെ അഭിപ്രായം.
അതേസമയം, അത്യാധുനിക സൗകര്യങ്ങളുമായി 180കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാനാവുന്ന വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിന് അനുവദിച്ചാലും നിലവിലെ ട്രാക്കുകളിലെ വളവുകളില്‍ കുരുങ്ങി ഇതിന്റെ പകുതി വേഗത്തില്‍ പോലും ഓടാനാവില്ലെന്നാണ് അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. നിലവിലെ റെയില്‍പാതയുടെ 36ശതമാനവും വളവുകളിലാണ്. ആകെ 626 വളവുകളുണ്ട്. നഗരമദ്ധ്യത്തിലാണ് വളവുകളിലേറെയും. വേഗം കൂടണമെങ്കില് നിലവിലെ ട്രാക്കുകള്‍ പുതുക്കിപ്പണിയുകയും നിരവധി സ്റ്റേഷനുകള്‍ മാറ്റിസ്ഥാപിക്കേണ്ടിയും വേണ്ടിവരും. ഇതിന് പത്തു മുതൽ ഇരുപത് വര്‍ഷം വരെയെടുക്കാം.
എന്നാല്‍ വേഗത കുറയ്ക്കാതെ വളവിലും തിരിവിലും ഓടിക്കാനുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ട്രെയിനുകളായ ടില്‍ട്ടിംഗ് ട്രെയിനുകളോടിച്ചാല്‍ ഈ പ്രശ്നത്തെ അതിജീവിക്കാനാവുമെന്ന് അലോക് വര്‍മ്മ വ്യക്തമാക്കുന്നു.1990മുതല്‍ ഇറ്റലി, സ്വിറ്റ്സര്‍ലാന്റ്, യു.കെ, ജര്‍മനി, ചൈന എന്നിവിടങ്ങളില്‍ ഇത്തരം ട്രെയിനുകളോടിക്കുന്നുണ്ട്. വളവില്‍ വേഗത കുറയ്ക്കേണ്ടാത്തതിനാല്‍ ടില്‍ട്ടിംഗ് ട്രെയിനുകള്‍ക്ക് 30ശതമാനം സമയലാഭമുണ്ടാവും.