കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് തീര്‍പ്പാക്കി ഹൈക്കോടതി.
ജോയ്സനയെ ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. ജോയ്സ്ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി. വീട്ടുകാരോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ജോയ്സ്ന കോടതിയെ അറിയിച്ചു.തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പോകണമെന്ന ജോയ്സ്നയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു.
പെണ്‍കുട്ടി ആവശ്യത്തിന് ലോക പരിചയം ഉള്ള ആളാണ്, വിവാഹത്തിന് ശേഷം എന്ത് ചെയ്യണം എന്ന് അവര്‍ തീരുമാനിക്കും. പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ ഉള്ള പക്വത ആയെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സിഎസ് സുധ, വി.ജി അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഷെജിനോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് ജോയ്സ്ന കോടതിയില്‍ പറഞ്ഞു. ജോയ്സ്നയെ കാണാനില്ലെന്നും ജോയ്സ്ന അന്യായമായി തടങ്കലിലാണെന്നും കാട്ടിയാണ് പിതാവ് ജോസഫ് ഹേബിയസ് കോര്‍പസ് നല്‍കിയത്. ജോയ്സ്നയ്ക്ക് 26 വയസായെന്നും, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ആരുടെയൊപ്പം പോകണമെന്ന് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.