തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആരെ സ്ഥാനാര്‍ഥിയാക്കണം എന്ന കാര്യം തിങ്കളാഴ്ച ചേരുന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി ചര്‍ച്ച ചെയ്യും. ഈ വിഷയത്തില്‍ സംഘടനാ തലത്തില്‍ നടക്കുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയാണിത്. യു.ഡി.എഫിന്റെ ഉറച്ച സീറ്റായ തൃക്കാക്കരയില്‍ പി ടി തോമസിന്‍റെ ഭാര്യയെ പരിഗണിക്കണം എന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്.
പക്ഷേ പാർട്ടിയിലെ നേതാക്കളെ തന്നെ മല്‍സരിപ്പിക്കണെമെന്ന ആവശ്യവുമായി എറണാകുളത്തെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
യു.ഡി.എഫ് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പിന് തയ്യാറെടുത്തു കഴിഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ സജീവമായി നടക്കുന്നു. മണ്ഡലം കമ്മിറ്റികളുടെ ചുമതല കെ.പി.സി.സി നേതാക്കള്‍ക്ക് നൽകി. ബൂത്ത് തലം മുതൽ പ്രവര്‍ത്തനങ്ങൾ സജീവമാണ്. ഇനി നിശ്ചയിക്കേണ്ടത് സ്ഥാനാര്‍ഥിയെയാണ്. കെ. സി വേണുഗാപലും വി.ഡി സതീശനും ഒരുമിച്ച് പി. ടി തോമസിന്‍റെ ഭാര്യ ഉമയെ വീട്ടിലെത്തി സന്ദർശിച്ചതോടെയാണ് അണിയറയില്‍ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ചത്. ഉമയെ കണ്ടത് സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ടല്ല എന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷേ ഉമ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ ഉമയെ കണ്ട് ഇത് സംബന്ധിച്ച ചര്‍ച്ച നടത്താനാണ് ധാരണ. എന്നാല്‍ മറ്റ് നേതാക്കളെ പരിഗണിക്കണമെന്നാണ് എറണാകുളം ജില്ലയിലെ ചില പ്രമുഖ നേതാക്കളുടെ താല്പ്പര്യം.
കെപിസിസി ജനറൽ സെക്രട്ടറിമാരായ അബ്ദുല്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ് നിർവ്വാഹക സമിതി അംഗം ജയ്സണ്‍ ജോസഫ്,ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയർമാന്‍ ഡൊമിനിക് പ്രസന്‍റേഷന്‍ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിലുണ്ട്. തൃക്കാക്കരയെ എ ഗ്രൂപ്പിന്‍റെ പട്ടികയിലാണ് നേതാക്കൾ കണക്കാക്കുന്നത്. ജെയ്സണ്‍ ജോസഫിനെയും അബ്ദുല്‍ മുത്തലബിനെയും എ ഗ്രൂപ്പ് സ്ഥാനാര്‍ഥിത്വത്തിനായി മുന്നോട്ട് വയ്ക്കുന്നു.
വി.ഡി സതീശന്‍റെ പിന്തുണയാണ് ഷിയാസിന്‍റെ കരുത്ത്. ദീപ്ത് മേരി വര്‍ഗീസ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ സ്വന്തം ആളാണെന്നാണ് പരസ്യമായ രഹസ്യം.
അതേ സമയം കെ വി തോമസിന്‍റെ വിമത നീക്കത്തിന് പിന്നാലെ ലത്തീന്‍ സമുദായത്തെ പിടിച്ചുനിർത്താന്‍ ഡൊമിനിക് പ്രസന്‍റേഷന്‍റെ സ്ഥാനാര്‍ഥിത്വത്തിലൂടെ കഴിയുമെന്നാണ് മറ്റൊരു വാദം. ഏതായാലും ഉമ തോമസ് മല്‍സരിക്കാന്‍ തയ്യാറല്ലെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയം കീറാമട്ടിയാകും.
ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ മുതിര്‍ന്ന നേതാക്കളെ ഉപയോഗിച്ചു കൊണ്ട് ഉമയെ സമ്മതിപ്പിക്കണണമെന്ന ആലോചനയും നേതൃത്വത്തിനുണ്ട്.