പാലക്കാട്: നഗരത്തിലെ പാലാട്ട് ജംങ്ഷനിൽ വെള്ളിയാഴ്ച രാത്രി 8ന് സംഭവിച്ച ബൈക്കപകടത്തിൽ ആറു വയസ്സുകാരിയായ പെൺകുട്ടി മരിച്ചു. നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്ന് ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ആറു വയസ്സുകാരി തൽക്ഷം മരിച്ചു. മാത്രമല്ല ബൈക്കിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കും പരുക്കേറ്റു.
തേങ്കുറുശ്ശി തുപ്പാരക്കളം എ.സതീഷിന്റെ മകൾ വിസ്മയ ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടരക്ക് പാലക്കാട് പാലാട്ട് ജംക്‌ഷനിലാണ് അപകടമുണ്ടായത്.
സതീഷാണ് ബൈക്കോടിച്ചിരുന്നത്. സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകൾ അമേയ എന്നിവർക്കാണ് പരുക്കേറ്റത്. സതീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരുക്ക് ഗുരുതരമല്ല. ക്ഷേത്രത്തിലും പാർക്കിലും മറ്റും പോയി ഇവർ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.