NEWS

ദേശീയ പാത വികസനം പുരോഗമിക്കുന്നു; കേരളം ഇതുവരെ ദേശീയപാത അതോറിറ്റിക്ക് കൈമാറിയത് 5311 കോടി

വികസനത്തിനാവശ്യമായ 1076.64 ഹെക്‌ടർ ഭൂമിയിൽ 988.09 ഹെക്ടർ (91.77%) ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു; പലയിടത്തും നിർമ്മാണം അവസാനഘട്ടത്തിൽ
 
തിരുവനന്തപുരം:സംസ്ഥാനത്ത് ദേശീയപാത 66ല്‍ 202.99 കിലോമീറ്റര്‍ ആറുവരിയാക്കാന്‍ നിര്‍മാണക്കരാറായി. 16 ഭാഗം (റീച്ച്‌) തിരിച്ച 255.14 കിലോമീറ്ററില്‍ 14 ഭാഗത്തിന്റെ നിര്‍മാണക്കരാറാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ–- ഓപ്പറേറ്റീവ് സൊസൈറ്റി അടക്കം ഒൻപത് സ്ഥാപനങ്ങൾക്ക് നല്‍കിയത്. അരൂര്‍–- തുറവൂര്‍ (14.65 കിലോമീറ്റര്‍), പറവൂര്‍–- കൊറ്റുകുളങ്ങര (37.5 കി.മീറ്റര്‍) ഭാഗങ്ങളിലെ 52.15 കിലോമീറ്ററിലാണ് ഇനി കരാര്‍ ഉറപ്പിക്കാനുള്ളത്.
രണ്ടിലും ഈ വര്‍ഷം നിര്‍മാണക്കരാര്‍ ഉറപ്പാക്കും.എല്ലാ ഭാഗത്തെയും ജോലികള്‍ 2025ല്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന്റെ 25 ശതമാനം സംസ്ഥാനം നല്‍കിയതിനാലാണ് ദേശീയപാത വികസനം സാധ്യമായത്. മഹാരാഷ്ട്രയിലെ പനവേല്‍മുതല്‍ കന്യാകുമാരിവരെ അഞ്ചു സംസ്ഥാനത്തിലൂടെ പോകുന്ന ദേശീയപാത 66ല്‍ കേരളം മാത്രമാണ് സ്ഥലം ഏറ്റെടുക്കാന്‍ പണം നല്‍കുന്നത്. തലപ്പാടിമുതല്‍ കഴക്കൂട്ടംവരെ ഏറ്റെടുക്കേണ്ടത് 1076.64 ഹെക്ടറാണ്.നഷ്ടപരിഹാരം 21,568 കോടിയും. ഇതില്‍ 5392 കോടി സംസ്ഥാനവിഹിതമായി കേരളം വഹിക്കും.5311 കോടി ഇതിനകം കിഫ്ബി ദേശീയപാത അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.45 മീറ്ററില്‍ ആറുവരി റോഡാണ് യാഥാര്‍ഥ്യമാകുന്നത്.

Back to top button
error: