ഒറ്റ ക്ലിക്കില്‍ തന്നെ എല്ലാ സന്ദേശങ്ങളെയും സെലക്‌ട് ചെയ്യാനുള്ള സൗകര്യവും അവ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും ജി മെയിലിലുണ്ട്.എന്നാല്‍ അങ്ങനെ ചെയ്യുന്നത് വഴി പ്രധാനപ്പെട്ട മെയിലുകളും നഷ്ടപ്പെട്ടുപോകാന്‍ സാദ്ധ്യതയുണ്ട്.അതിനാല്‍ തന്നെ ഓരോ സന്ദേശവും തുറന്നു നോക്കി പരസ്യങ്ങള്‍ പോലെ വേണ്ടാത്തവ ഡിലീറ്റ് ചെയ്തു കളയുന്നതാണ് പലരും പിന്തുടരുന്ന രീതി. ഇത് വളരെ സമയം പിടിക്കുന്ന കാര്യമാണ്.
എന്നാല്‍ ഒറ്റ ക്ലിക്കില്‍ പ്രധാനപ്പെട്ട മെയിലുകള്‍ നഷ്ടപ്പെടാതെ ആവശ്യമില്ലാത്ത എല്ലാ മെയിലുകളും ഡിലീറ്റ് ചെയ്യാന്‍ സാധിച്ചാല്‍ എങ്ങനെയുണ്ടാകും? അങ്ങനെയൊരു സൗകര്യം ജി മെയിലിലുണ്ട്.പലര്‍ക്കും അതിനെ പറ്റി വലിയ ധാരണയില്ല എന്നതാണ് സത്യം.
ജിമെയിലില്‍ ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍, യൂട്യൂബ് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകളും പല സൈറ്റുകളുടെ പരസ്യങ്ങള്‍ പോലുള്ളവയൊന്നും നമുക്ക് ആവശ്യമില്ലാത്ത മെയിലുകളായിരിക്കും. ജി മെയില്‍ സെര്‍ച്ച് ഫില്‍ട്ടര്‍ ഉപയോഗിച്ചാണ് ഒറ്റയടിക്ക് ആയിരക്കണക്കിന് മെയിലുകള്‍ ഡിലീറ്റ് ചെയ്യാനാകുന്നത്.
ജി മെയില്‍ ഓപ്പണ്‍ ചെയ്ത ശേഷം, മുകളിലെ സെര്‍ച്ച് ബാറിന് വലത്തേ അറ്റത്തായുള്ള ഫില്‍ട്ടര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.അതില്‍ ഉള്ള ഓപ്ഷനുകളില്‍ ആദ്യത്തേതായ ഫ്രം എന്ന ഭാഗത്ത് നിങ്ങള്‍ക്ക് സ്ഥിരമായി ആവശ്യമില്ലാത്ത നൂറു കണക്കിന് മെയില്‍ അയക്കുന്നവരുടെ മെയില്‍ അഡ്രസ് ടൈപ്പ് ചെയ്യുക.ശേഷം താഴെയുള്ള സെര്‍ച്ചില്‍ ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ ആ അഡ്രസില്‍ നിന്ന് നിങ്ങള്‍ക്ക് വന്ന മെയിലുകളെല്ലാം കാണാൻ സാധിക്കും. ഈ വന്ന മെയിലുകളെ മുഴുവനായി സെലക്‌ട് ചെയ്യാന്‍ ഇടത് വശത്തുള്ള ചെറിയ ചതുരാകൃതിയിലുള്ള ബോക്സില്‍ ക്ലിക്ക് ചെയ്യുക.എല്ലാം സെലക്‌ട് ആയി കഴിഞ്ഞാല്‍ അവ ഡിലീറ്റ് ചെയ്യാം.
ഉദാഹരണത്തിന് സൊമാറ്റോ അയച്ച നോട്ടിഫിക്കേഷനുകളെല്ലാം ഡിലീറ്റ് ചെയ്യാന്‍ ഫില്‍ട്ടറില്‍ സൊമാറ്റോ എന്ന് സെര്‍ച്ച് ചെയ്താല്‍ മതി.ഇത്തരത്തില്‍ അനാവശ്യമായ മെയിലുകളെല്ലാം ഡിലീറ്റ് ചെയ്തു കഴിഞ്ഞാല്‍ വളരെ തുച്ചമായ എണ്ണം മെയിലുകള്‍ മാത്രമേ നമ്മുടെ അക്കൗണ്ടില്‍ കാണുകയുള്ളു.