കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യാ മാധവനെ അടുത്ത ആഴ്ച ചോദ്യംചെയ്‌തേക്കും. ഏപ്രില്‍ 18 തിങ്കളാഴ്ചയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാധവനെ ചോദ്യംചെയ്‌തേക്കുമെന്നാണ് വിവരം. ഇതിനകം കാവ്യ മറ്റൊരു സ്ഥലം തിരഞ്ഞെടുത്തില്ലെങ്കില്‍ അവരുടെ ആലുവയിലെ വീട്ടില്‍വെച്ചു തന്നെ ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം ആലുവയിലെ പത്മസരോവരം വീട്ടിലെ ചോദ്യംചെയ്യല്‍ ക്രൈംബ്രാഞ്ച് വേണ്ടെന്നുവെച്ചത്. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് വീണ്ടും നോട്ടീസ് നല്‍കും. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ സ്ഥലത്തുവെച്ച് ചോദ്യംചെയ്യാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. എന്നാല്‍ ചോദ്യംചെയ്യല്‍ പത്മസരോവരത്തില്‍വെച്ച് നടത്തണമെന്ന നിലപാടില്‍ കാവ്യ ഉറച്ചുനിന്നാല്‍ അവിടെവെച്ച് തന്നെ ചോദ്യംചെയ്യാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
അതിനിടെ, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണസംഘം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് തിങ്കളാഴ്ച വിചാരണ കോടതിയില്‍ സമര്‍പ്പിക്കുക. തിങ്കളാഴ്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.