ന്യൂഡൽഹി: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.കേസില്‍ നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.കൊല്ലപ്പെട്ടയാളു ടെ ബന്ധുക്കളോട് സംസാരിച്ചു ബ്ലഡ് മണി നല്‍കി, നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ വേണ്ടിയാണ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിൽ കേന്ദ്രസര്‍ക്കാരിന്‍റെ സഹായം തേടിയത്.
യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്.2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.
കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്.കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നല്‍കിയാല്‍ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല.പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ സാധ്യമല്ലെന്ന് അറിയിച്ചതോടെ നിമിഷപ്രിയയുടെ മോചനം വീണ്ടും സങ്കീര്‍ണമാവുകയാണ്.