തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനോട് പ്രതികരിച്ച് കെവി തോമസ്. അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം നോട്ടീസിന് ഉടന്‍ മറുപടി നല്‍കുമെന്നും പ്രതികരിച്ചു. അച്ചടക്ക സമിതി തനിക്കെതിരെ എന്ത് നടപടി എടുത്താലും അംഗീകരിക്കും. കോണ്‍ഗ്രസിനൊരു പാരമ്പര്യമുണ്ട്. പാര്‍ട്ടിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും തോമസ് ആവര്‍ത്തിച്ചു. അച്ചടക്ക സമിതിക്ക് സുധാകരന് നല്കിയ പരാതി പരിശോധിക്കട്ടേയെന്നാവര്‍ത്തിച്ച കെവി തോമസ് എന്ത് നടപടിയായാലും അംഗീകരിക്കുമെന്നും വ്യക്തമാക്കി. 2008 മുതലുള്ള കാര്യങ്ങള്‍ മറുപടിയില്‍ വിശദീകരിക്കും. ഞാനാണോ അവരാണോ ശരിയെന്ന് കമ്മിറ്റി പരിശോധിക്കട്ടേയെന്നും പ്രതികരിച്ചു.
പാര്‍ട്ടി നിര്‍ദേശം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെ.വി.തോമസിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നല്‍കിയിരിക്കുന്ന നോട്ടീസിന് ഒരാഴ്ചയ്ക്ക് അകം മറുപടി നല്‍കണം. എ.കെ.ആന്റണി അധ്യക്ഷനായ എഐസിസി അച്ചടക്കസമിതിയാണ് മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് തീരുമാനിച്ചത്.
കെ.വി.തോമസിന്റെ മറുപടി ലഭിച്ച ശേഷം അച്ചടക്കസമിതി ഇക്കാര്യത്തില്‍ തുടര്‍നടപടിക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ നല്‍കും. നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും സെമിനാറിന് ശേഷവും വിമര്‍ശനം തുടരുകയും ചെയ്യുന്ന കെ.വി.തോമസിനെതിരെ അടിയന്തരമായി കടുത്ത നടപടി വേണം എന്നാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എഐസിസിയുടെ നേരിട്ടുള്ള വിലക്ക് മറികടന്നാണ് കെ.വി.തോമസ് പരിപാടിക്ക് പോയതെന്ന കാര്യവും സുധാകരന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തിരക്കിട്ടുള്ള നടപടികള്‍വേണ്ടെന്നും പാര്‍ട്ടി ചട്ടപ്രകാരമുള്ള നടപടികള്‍ മതിയെന്നുമുള്ള നിലയിലുമാണ് നേതൃത്വം എന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതിലൂടെ വ്യക്തമാകുന്നത്.