റഷ്യയുടെ പ്രധാന പൊതു-സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ഉപരോധവുമായി യുഎസ്. പുടിന്റെ മക്കളായ മറിയ വോറൊന്റസോവ, കാതറീന ടിഖോനോവ എന്നിവർക്കും മുൻ ഭാര്യ ലിയൂഡ്മില ഷ്ക്രിബനേവയ്ക്കും യുഎസ് ഉപരോധം ഏർപ്പെടുത്തി.
ഇത് കൂടാതെ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവിന്റെ മകൾ, ഭാര്യ, മുൻ പ്രധാനമ ന്ത്രിമാരായ ദിമിത്രി മെദ്വെദേവ്, മിഖായിൽ മിസ്ഹസ്റ്റിൻ എന്നിവരെയും വിലക്ക് പട്ടികയിൽ യുഎസ് ഉൾപ്പെടുത്തി. പുടിന്റെ സ്വത്തുവകകൾ കുടുംബാംഗങ്ങളിൽ പലരുടെയും പേരിൽ ഒളിപ്പിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് അവരെ ലക്ഷ്യം വയ്ക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
റഷ്യൻ സൈന്യം സിവിലിയന്മാരെ വധിച്ചതായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. റഷ്യയിലെ പ്രധാന സാമ്പത്തിക സ്ഥാപനങ്ങളായ എസ്ബെർ ബാങ്ക്, ആൽഫാ ബാങ്ക് എന്നിവയിൽ യുഎസ് പൗരന്മാർ നിക്ഷേപിക്കുന്നതും നിരോധിച്ചു. റഷ്യയിലെ പ്രധാന വ്യവസായങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് യുഎസ് കൂട്ടിച്ചേർത്തു.