KeralaNEWS

കഴിച്ച അപ്പത്തിനും മുട്ട കറിക്കും എം.എൽ.എ കാശ് തന്നില്ല, പണിയെടുത്താണ് ജീവിക്കുന്നതെന്ന് കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടല്‍ ഉടമ തോമസ്

  കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലിൽ മുട്ടറോസ്റ്റിന് 50 രൂപയും അപ്പത്തിന് 15 രൂപയും വില ഈടാക്കി എന്ന ആരോപണവുമായി സി.പി.എം എംഎല്‍എ പി.പി ചിത്തരഞ്ജൻ രംഗത്തെത്തിയിരുന്നു. അഞ്ചപ്പവും രണ്ടു മുട്ട റോസ്റ്റും കഴിച്ചപ്പേൾ 184 രൂപയായെന്നും ഇത് അമിത വിലയാണെന്നും ചൂണ്ടിക്കാട്ടി എംഎൽഎ പരാതിയും നൽകിയി.

പീപ്പിള്‍സ് ഹോട്ടലില്‍ ആഹാരത്തിന് വലിയ വിലയാണെന്ന് പരാതി നല്‍കിയ പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ പണം നല്‍കിയില്ലെന്ന് ഹോട്ടൽ ഉടമ തോമസ് ആരോപിച്ചു. അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ വാങ്ങിയെന്നാണ് കളക്ടര്‍ക്ക് എം.എല്‍.എ നല്‍കിയ പരാതിയിലുള്ളത്.

Signature-ad

മെനു കാര്‍ഡിലെ ന്യായമായ വില മാത്രമാണ് ബില്ലിലുള്ളതെന്നാണ് തോമസ് സമർത്ഥിക്കുന്നത്. തിടുക്കത്തിലെത്തിയ രണ്ടു പേര്‍ക്ക് മെനു കാർഡ് നല്‍കിയെങ്കിലും അതൊന്നും കാണേണ്ട അപ്പവും മുട്ടക്കറിയും നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എം.എല്‍.എയെ തിരിച്ചറിയാന്‍ കഴിയാതിരുന്നത് വീഴ്ചയാണ്. ബില്‍ നല്‍കിയതോടെ കൗണ്ടറിലെത്തി താന്‍ എം.എല്‍.എയാണെന്നും അന്യായ വിലയാണെന്നും പറഞ്ഞ് പണം നല്‍കിയില്ല.
മൂന്ന് വര്‍ഷമായി ഇവിടെ വില കൂട്ടിയിട്ടില്ല. ഹോട്ടല്‍ വാടകയ്ക്ക് എടുത്താണ് നടത്തുന്നത്. എം.എല്‍.എയെ തിരിച്ചറിയാത്തതിന്റെ പേരില്‍ ദ്രോഹിക്കരുതെന്നും തോമസ് പറഞ്ഞു.

ഹോട്ടല്‍ ആരംഭിച്ചത് 2019ല്‍ ജനുവരിയിലാണ്. അന്ന് മുതല്‍ അപ്പത്തിന് 15 രൂപയും മുട്ടക്കറിക്ക് 50 രൂപയുമാണ് ഈടാക്കുന്നത്. പണിയെടുത്താണ് ജീവിക്കുന്നത്. നഷ്ടം കൂടാതെ മുന്നോട്ട് പോകണമെങ്കില്‍ ഈ തുക തന്നെ ഈടാക്കണമെന്നും തോമസ് പറയുന്നു. മുന്‍പ് കഴിച്ചവരെല്ലാം മുട്ടക്കറിയെ പറ്റി നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. വി.ഐ.പികള്‍ അടക്കമുള്ള പലരും ഇവിടെ വന്ന് ഭക്ഷണം കഴിക്കാറുണ്ട്. വില കൂടുതലാണെന്ന പരാതി ആരും പറഞ്ഞിട്ടില്ല. 90 സീറ്റുള്ള എസി റെസ്‌റ്റോറന്റാണിത്.

മാസ വാടക 1,60,000 രൂപയാണ്. വൈദ്യുതി ബില്‍ 90,000 രൂപ. തൊഴിലാളികള്‍ക്കും നല്ല ശമ്പളം നല്‍കുന്നുണ്ട്. അത്തരമൊരു സ്ഥാപനത്തിന് നഷ്ടം കൂടാതെ മുന്നോട്ട് പോകണമെങ്കില്‍ ഈ തുക കൂടുതലാണെന്ന് തോന്നുന്നില്ലെന്നും ഹോട്ടല്‍ ഉടമയ തോമസ് പറയുന്നു.

ഇതിനിടെ എം.എൽ.എയുടെ പരാതിയില്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ കളക്ടർക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി.

Back to top button
error: