കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ പ്രതി ചേര്‍ത്താല്‍ കേസ് ഒന്നുമല്ലാതെ അവസാനിക്കുമെന്ന് രാഹുല്‍ ഈശ്വര്‍.റിപ്പോര്‍ട്ടര്‍ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇത് പറഞ്ഞത്.
കേസില്‍ ക്രൈം ബ്രാഞ്ച് കാവ്യ മാധവനെ ചോദ്യം ചെയ്യാനിരിക്കെയാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. കഴിഞ്ഞ രണ്ട് ദിവസം ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യുന്നത്. സിനിമാ മേഖലയിലുള്ള സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസിലെ നിര്‍ണായക വ്യക്തിയായി കരുതപ്പെടുന്ന മാഡത്തിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. കാവ്യയാണോ മാഡമെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്.
എന്നാൽ കാവ്യയടക്കമുള്ളവരെ ചോദ്യം ചെയ്ത് ഏതെങ്കിലും രീതിയില്‍ മാഡം കാവ്യയാണെന്ന് പൊലീസ് പറഞ്ഞാല്‍ ആ നിമിഷം കേസ് താഴെ വീഴുമെന്നാണ് രാഹുൽ പറയുന്നത്. ദിലീപിന്റെ ആദ്യ ഭാര്യയുമായിട്ടുള്ള ബന്ധം തകരാന്‍ കാരണമാക്കിയ അതിജീവിതയോട് രണ്ടാമത്തെ ഭാര്യ പ്രതികാരം ചെയ്തു എന്ന് പറഞ്ഞാല്‍ അത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. കാരണം അതിജീവിതയെടുത്ത നിലപാട് കാരണവും കാര്യങ്ങള്‍ ആദ്യ ഭാര്യയോട് തുറന്നു പറഞ്ഞതുമാണ് ഒരു പക്ഷെ കാവ്യയ്ക്ക് ദിലീപിനെ കല്യാണം കഴിക്കാന്‍ കാരണമായത്. തന്റെ ജീവിതത്തില്‍ നല്ല മാറ്റം വരുത്താനിടയായ അതിജീവിതയെ കാവ്യ കുടുക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാല്‍ കേസിന്റെ നരേറ്റീവ് മാറുമെന്ന് മാത്രമല്ല കേസിന്റെ കേന്ദ്ര ബിന്ദു ഇല്ലാതാവും-രാഹുൽ ഈശ്വർ പറഞ്ഞു