ചെന്നൈ: ദളിത് ഉദ്യോഗസ്ഥനെ മര്‍ദിച്ച തമിഴ്നാട് ഗതാഗതമന്ത്രി ആര് എസ് രാജകണ്ണപ്പനെ ഗതാഗത വകുപ്പിന്റെ ചുമതലയിൽ നിന്നും പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥനെ അപമാനിച്ചതിനാണ് അതേ വകുപ്പിലേക്ക് മാറ്റി ‘ശിക്ഷ’ നടപ്പിലാക്കിയതെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ വിശദമാക്കുന്നത്. 2021 ന് ശേഷമുള്ള ആദ്യത്തെ മന്ത്രിസഭാ പുനസംഘടനയാണ് ഇത്.
തന്റെ മണ്ഡലമായ രാമനാഥപുരത്തെ ദളിതനായ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെയാണ് മന്ത്രി മര്‍ദ്ദിച്ചത്.പിന്നാക്ക ക്ഷേമമന്ത്രിയായ എസ് എസ് ശിവശങ്കറിനാണ് പുതിയ ഗതാഗത വകുപ്പിന്റെ ചുമതല.പകരം രാജാക്കണ്ണപ്പനെ പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതലയിലേക്കും മാറ്റി.
മുഖ്യമന്ത്രി സാറ്റാലിന്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചതോടെയാണ് നടപടിയെടുത്തത്. മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടന്‍ മന്ത്രിയെ മാറ്റുകയായിരുന്നു.
സേലം കടായപ്പടിയില്‍ ദളിത് നേതാവ് നഗരസഭാ അധ്യക്ഷനാകുന്നത് തടയാന്‍ ഡിഎംകെ കൗണ്‍സിലമാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിലും സ്റ്റാലിന് ഇടപെട്ടിരുന്നു. കൗണ്‍സിലര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചതോടെയാണ് അണികള്‍ വഴങ്ങിയതും പിന്നാലെ ദളിത് നേതാവ് നഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതും.