CrimeNEWS

‘യുവതിയുടെ മരണം കൊലപാതകം, ഭർതൃപിതാവ് ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു’ പരാതിയുമായി ലബീബയുടെ മതാപിതാക്കൾ

തിരൂരിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആരോപണം. ആലത്തിയൂർ നടുവിലപ്പറമ്പിൽ ലബീബ (24)യെയാണ് ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് ഹർഷാദിനെതിരെയും ഭർതൃപിതാവ് മുസ്തഫയ്ക്കെതിരെയുമാണ് ലബീബയുടെ ബന്ധുക്കൾ പൊലീസിൽപരാതി നൽകിയിക്കുന്നത്. തിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

നാല് മാസം മുമ്പാണ് കൽപ്പറമ്പിൽ മുസ്തഫയുടെ മകൻ ഹർഷാദുമായി യുവതിയുടെ വിവാ​ഹം നടന്നത്. ഹർഷാദിന്റെ സഹോദരന്റെ ഭാര്യയായിരുന്നു ലബീബ. ജ്യേഷ്ഠൻ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഹർഷാദ് ലബീബയെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ അഞ്ചുവയസുള്ള ഒരു മകനുണ്ട്.
ഭർത്താവ് ഹർഷാദുമായും അവിടുത്തെ സാഹചര്യങ്ങളുമായും പൊരുത്തപ്പെടാൻ കഴിയാതെ സ്വന്തം വീട്ടിലേക്കു തിരിച്ചു പോയ ലബീബയെ രണ്ട് ദിവസം മുമ്പാണ് ഭർതൃ പിതാവ് മുസ്തഫ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.
ഭർതൃഗൃഹത്തിലെ പീഡനങ്ങളെ തുടർന്ന് യുവതി ആലത്തിയൂരിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മുസ്തഫ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയപ്പോഴും യുവതി കൂടെ പോകാൻ വിസമ്മതിച്ചു. മകൻ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ല എന്നു പറഞ്ഞ് അനുനയിപ്പിച്ചാണ് ലബീബയയെ വീട്ടിലേക്ക് കൊണ്ടു പോയത്. മേലിൽ പ്രശ്നങ്ങളുണ്ടാവില്ല എന്ന ഉറപ്പിലാണ് ലബീബ രണ്ടാമതും ഭർതൃഗൃഹത്തിലേക്കു വന്നത്.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീട്ടുകാർ അറിയുന്നത് രാവിലെ എട്ടുമണിയോടെ ബാത്റൂമിൽ വീണു പരിക്കേറ്റു എന്നാണ്. ആശുപത്രിയിലെത്തിയപ്പോഴാണ് ലബീബ മരിച്ചു എന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. ലബീബയുടെ മരണശേഷം ആശുപത്രിയിൽ നിന്നുപോലും മുങ്ങാനാണത്രേ ഭർത്താവിന്റെ വീട്ടുകാർ ശ്രമിച്ചത്.
യുവതിയെ ഭർത്താവും ഭർതൃ പിതാവും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും പലപ്പോഴും ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നും വീട്ടുകാർ ആരോപിക്കുന്നു. ഭർതൃപിതാവ് മകളെ പീഡിപ്പിക്കുന്നതായും എതിർത്താൽ മർദ്ദിച്ചിരുന്നെന്നും മകൾ സഹോദരങ്ങളോടു പറഞ്ഞിരുന്നതായി ഉമ്മ പറയുന്നു.
മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും പ്രതികളെ കണ്ടെത്തി ശിക്ഷ നൽകണമെന്നും തിരൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ലബീബയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

Back to top button
error: