തിരുവനന്തപുരം: പരീക്ഷാകാലത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ചാര്‍ജ് വര്‍ധന ഉറപ്പായ ഘട്ടത്തില്‍ സമരത്തിന് ഇറങ്ങിത്തിരിച്ചതിന് ന്യായീകരണമില്ല.പ്രത്യേകിച്ച് കുട്ടികൾക്ക് പരീക്ഷ നടക്കുന്ന സമയത്ത്.
ചാര്‍ജ്ജ് വര്‍ധനയുണ്ടാകില്ലെന്ന നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എങ്കില്‍ സമരത്തിന് ഒരു ന്യായീകരണമുണ്ടായിരുന്നു. സ്വകാര്യ ബസ് ഉടമകള്‍ ചര്‍ച്ചയുമായി മുന്നോട്ടുവന്നാല്‍ അവരുമായി സംസാരിക്കാന്‍ തയ്യാറാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ചാര്‍ജ് വര്‍ധന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. ചാര്‍ജ് വര്‍ധന തീരുമാനം വൈകിയിട്ടില്ല. എല്ലാത്തിനും അതിന്റെതായ നടപടിക്രമങ്ങളുണ്ട്. ചാര്‍ജ് വര്‍ധന പഠിക്കാന്‍ വേണ്ടി നിയമിച്ച കമ്മീഷന് ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ഓട്ടോ- ടാക്സി വര്‍ധനയുമായി ബന്ധപ്പെട്ട കമ്മീഷന് സിറ്റിംഗ് മിനിഞ്ഞാന്നായിരുന്നു. എല്ലാം ഒരുമിച്ച് നടത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചാര്‍ജ് വര്‍ധന ഉറപ്പായ ഘട്ടത്തില്‍ അതിന്റെ ക്രെഡിറ്റ് നേടിയെടുക്കാനാണ് യൂണിയനുകളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.