സ്വകാര്യ ബസ് സമരം; കെഎസ്ആര്‍ടിസി ഇന്ന് അധിക സര്‍വ്വീസ് നടത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അധികസര്‍വ്വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. സ്വകാര്യ ബസ് സമരം നേരിടാനാണ് കൂടുതല്‍ സര്‍വ്വീസ് നടത്താനുള്ള കെഎസ്ആര്‍ടിസി എം.ഡിയുടെ നിര്‍ദ്ദേശം. സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച പണിമുടക്ക് അര്‍ദ്ധരാത്രി മുതല്‍ തുടങ്ങി. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ നേരിടുമെന്നും നിരക്ക് വര്‍ദ്ധന ഉടനുണ്ടാകുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ബസ് ചാര്‍ജ് വര്‍ദ്ധനവ് ചര്‍ച്ചയായില്ല.
നിരക്ക് വര്‍ദ്ധനവില്‍ നാളെ നാളെ നീളെ നീളെ എന്ന തരത്തിലുള്ള സര്‍ക്കാരിന്റെ സമീപനത്തിലാണ് സ്വകാര്യ ബസ് ഉടമകള്‍ക്ക് പ്രതിഷേധം. നിരക്ക് വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തീരുമാനിച്ച അനിശ്ചിതകാല പണിമുടക്കില്‍ പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി. ഒരു ഭാഗത്ത് നിരക്ക് ഉയര്‍ത്തുന്നതില്‍ ആഘാതം നേരിടേണ്ടി വരുന്ന സാധാരണ ജനങ്ങള്‍. മറുഭാഗത്ത് പ്രതിസന്ധി ഉയര്‍ത്തി സമരം ചെയ്യാന്‍ ഒരുങ്ങുന്ന സ്വകാര്യ ബസുടമകള്‍. ഇതിനിടയിലാണ് സര്‍ക്കാര്‍. നിരക്ക് വര്‍ദ്ധനവ് ഉണ്ടാകുമെന്ന് മന്ത്രി ഇന്നും ആവര്‍ത്തിച്ചു. എന്നാല്‍ എന്ന് മുതല്‍ എങ്ങനെ വേണമെന്നതില്‍ വ്യക്തത വരുത്താന്‍ മന്ത്രി ഇന്നലെയും തയ്യാറായില്ല.
വിലക്കയറ്റത്തിലും ഇന്ധന നിരക്ക് ഉയരുന്നതിലും ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ ബസ് ചാര്‍ജ് വര്‍ദ്ധന മന്ത്രിസഭ വൈകിപ്പിക്കുകയാണ്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അജണ്ടയില്‍ വിഷയം ഉള്‍പ്പെട്ടില്ല. മാര്‍ച്ച് അവസാനം ചേരുന്ന എല്‍ഡിഎഫ് യോഗം വരെ തീരുമാനം നീണ്ടേക്കും. ഓട്ടോ ടാക്സി ഉടമകളും സമരത്തിലേക്ക് നീങ്ങും എന്ന് സര്‍ക്കാരിനെ അറിയിച്ച് കഴിഞ്ഞു.