മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഇന്നുമുതൽ അന്തിമവാദം കേൾക്കും. ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ വാദത്തിനായി തമിഴ്നാട് സമയം ആവശ്യപ്പെടുകയായിരുന്നു.
കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിന്റെയും രേഖകളുടെയും പകർപ്പ് ചൊവ്വാഴ്ച രാവിലെയാണു ലഭിച്ചത്. അതു പരിശോധിക്കാൻ സാധിച്ചില്ലെന്നും ഹർജികൾ ബുധനാഴ്ച പരിഗണിക്കണമെന്നും തമിഴ്നാടിന്റെ അഭിഭാഷകൻ ശേഖർ നാഫ്ഡെ കോടതിയോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും പ്രധാന പരാതിയോടൊപ്പം കേൾക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാത്പര്യഹർജികളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്.
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന അടിയന്തരമായി നടത്തണമെന്ന് കേന്ദ്ര ജല കമ്മീഷൻ കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. 126 വർഷം പഴക്കമുള്ള ഡാമിന്റെ സുരക്ഷയെ ചൊല്ലിയാണ് കേരളവും തമിഴ്നാടും തമ്മിലുള്ള പ്രധാന തർക്കം.
പ്രാഥമിക പരിശോധനയിൽ ഡാമിന്റെ മൊത്തത്തിലുള്ള അവസ്ഥ സുരക്ഷിതമാണെന്നാണ് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയുടെ വിലയിരുത്തലെന്നാണ് ജല കമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. പക്ഷേ, പുതുതായി ഒരു സുരക്ഷാ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സുർക്കിയും കുമ്മായവും ഉപയോഗിച്ചു നിർമിച്ച ഡാം കാലപ്പഴക്കം കൊണ്ടുതന്നെ അപകടാവസ്ഥയിലാണെന്നാണ് കേരളത്തിന്റെ വാദം. അറ്റകുറ്റപ്പണികൾ കൊണ്ടു മാത്രം ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താനാകില്ലെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഘടനാപരമായും കാലാവസ്ഥാപരമായും ഡാം പൂർണ സുരക്ഷിതമാണെന്നാണ് തമിഴ്നാട് ആവർത്തിച്ചു വാദിക്കുന്നത്.