ഫട്ടോർദ: ഐഎസ്‌എൽ ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകരുടെ ആശങ്കകള്‍ വര്‍ധിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്.ടീമിലെ സുപ്രധാന താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും, അഡ്രിയാന്‍ ലൂണയും കലാശപ്പോരിന് ഇറങ്ങുമോ എന്നതില്‍ പരിശീലകന്‍ വ്യക്തത നല്‍കിയില്ല.ഇന്ന് നടന്ന പത്ര സമ്മേളനത്തിനിടയിലുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ഇരുവരുടേയും ആരോഗ്യം സംബന്ധിച്ച് വുകോമനോവിച്ച് വിശദീകരണം നല്‍കിയത്.
സാധാരണ ടീമിന്റെ ക്യാപ്റ്റന്മാരാണ് ഫൈനലിന് മുന്നോടിയായുള്ള പത്രസമ്മേളനങ്ങളില്‍ എത്താറ്. എന്നാല്‍ ലൂണയ്ക്ക് പകരം എന്തുകൊണ്ടാണ് പരിശീലകന്‍ എത്തിയതെന്ന ചോദ്യം വുകുമനോവിച്ചിന് നേരെ ഉയര്‍ന്നു. “ലൂണ മെഡിക്കല്‍ ടീമിനൊപ്പമാണ്, അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതിനാല്‍ നാളെ ടീമിനെ ആര് നയിക്കുമെന്നതില്‍ തീരുമാനമായിട്ടില്ല,” വുകോമനോവിച്ച് പറഞ്ഞു.
അതേപോലെ സഹലും മെഡിക്കല്‍ ടീമിനൊപ്പമാണെന്നും എന്നാൽ അദ്ദേഹം പരിശീലനം നടത്തുന്നുണ്ടെന്നും കോച്ച് പറഞ്ഞു “ഫൈനലിന് മുന്നോടിയായുള്ള തയാറെടുപ്പിലാണ് അദ്ദേഹമുള്ളത്. ഫൈനലില്‍ സഹല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം,” വുകോമനോവിച്ച് പറഞ്ഞു. സഹല്‍ പരിപൂര്‍ണ ആരോഗ്യവാനാണെങ്കില്‍ മാത്രമെ ഫൈനലില്‍ ഉണ്ടാകുകയുള്ളെന്ന് വുകോമനോവിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തിലുള്ള സംതൃപ്തിയും പരിശീലകന്‍ പങ്കുവച്ചു. “പോയ സീസണുകളില്‍ തിരിച്ചടികള്‍ നേരിടേണ്ട സാഹചര്യമുണ്ടായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പരിശീലനം ആരംഭിച്ചതു മുതല്‍ കളിക്കാരെല്ലാം ഒരുപോലെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതിന്റെ ഫലമായാണ് ടീം ഇവിടെ വരെ എത്തിയത്. ക്ലബ്ബിനെ സംബന്ധിച്ചടത്തോളം ഇത് വലിയ നേട്ടമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.