KeralaNEWS

ചൂട് കൂടുന്നു, ദാഹമകറ്റാം ജാഗ്രതയോടെ

വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്‍പനാശാലകള്‍ വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും, ഐസും ശുദ്ധമായ ജലത്തിൽ തയ്യാറാക്കിയതെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ പാനീയങ്ങളിൽ ഉപയോഗിക്കുന്ന  പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകും.
ജലജന്യ രോഗങ്ങള്‍
വേനല്‍ ശക്തമായതോടെ ജല ദൗര്‍ലഭ്യം കാരണം  കുടിവെള്ളം മലിനമാകുകയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാൻ ഇടവരുകയും ചെയ്യും. ഇത് ജലജന്യ രോഗങ്ങൾക്ക് കാരണമാകും.
മലിനമായ ജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങൾക്കും ബാധിക്കുന്നു.
കോളറ
ജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ . വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ജലവും,ലവണങ്ങളും  നഷ്ടമാകുന്നതാണ് ഇതിലേറ്റവും പ്രധാനം. ഇത് നിർജലീകരണത്തിനു കാരണമാവുകയും രോഗി ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യാം. അതിനാല്‍  ജലനഷ്ടം ഒഴിവാക്കാന്‍ രോഗിക്ക് വീട്ടില്‍ ലഭിക്കുന്ന പാനീയങ്ങളായ ഉപ്പിട്ട കഞ്ഞിവെള്ളം,  നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം എന്നിവയോ ഒ.ആര്‍.എസ്. ലായനിയോ നല്‍കേണ്ടതാണ്. കുട്ടികളാണെങ്കില്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.
വയറിളക്ക രോഗങ്ങള്‍
ശരീരത്തില്‍ നിന്നും അമിത ജല നഷ്ടത്തിന് കാരണമാകുന്നതാണ് വയറിളക്ക രോഗങ്ങള്‍ അഥവാ അക്യൂട്ട് ഡയേറിയല്‍ ഡിസീസ്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്. ഒരുദിവസം മൂന്നോ അതില്‍ കൂടുതലോ തവണ ഇളകി മലം പോവുകയാണെങ്കില്‍ അതിനെ വയറിളക്കമായി കണക്കാക്കാം. ജല നഷ്ടം പരിഹരിക്കാന്‍ ധാരാളം പാനീയങ്ങള്‍ നല്‍കുകയാണ് ഏറ്റവും പ്രധാനം.
മഞ്ഞപ്പിത്തരോഗങ്ങള്‍
ഉഷ്ണകാലത്ത് കൂടുല്‍ കാണപ്പെടുന്ന മറ്റൊരു രോഗമാണ് പല രീതിയിലുള്ള മഞ്ഞപ്പിത്ത രോഗങ്ങള്‍. വെള്ളത്തില്‍ കൂടി പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം, മനുഷ്യ വിസര്‍ജ്യത്താല്‍ മലിനമായ കുടിവെള്ളം എന്നിവ രോഗം നേരിട്ട് പകരുന്നതിന് കാരണമാകുന്നു. ഹെപ്പറ്റെറ്റിസ് എ, ഇ എന്ന രോഗാണുക്കള്‍ ശരീരത്തില്‍ കയറി രണ്ട് മുതല്‍ ആറ് ആഴ്ച കഴിഞ്ഞാലേ രോഗ ലക്ഷണങ്ങള്‍ പൂര്‍ണമായും പ്രകടമാകൂ . ക്ഷീണം, പനി, ചർദ്ദി, വിശപ്പില്ലായ്മ, കണ്‍വെള്ളയിലും തൊലിപ്പുറത്തും മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത് ഗുരുതരമായാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
ടൈഫോയിഡ്
മലിനജലത്തിലൂടെയും രോഗിയുടെ വിസര്‍ജ്യത്തിന്റെ അംശമടങ്ങിയ ഭക്ഷണപദാര്‍ഥത്തിലൂടെയും പകരുന്ന രോഗമാണ് ടൈഫോയിഡ്. സാല്‍മൊണെല്ല ടൈഫി എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം ഉണ്ടാകുന്നത്. തുറസായ സ്ഥലങ്ങളിലുള്ള വിസര്‍ജനം, വൃത്തിരഹിതമായ ജീവിതരീതി, കൈകഴുകാതെ ഭക്ഷണം കഴിക്കല്‍ എന്നിവ ഈ രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ആഴ്ചകള്‍ നീണ്ട് നില്‍ക്കുന്ന കടുത്തപനി, നാസാരന്ത്രങ്ങളിലൂടെയുള്ള രക്തപ്രവാഹം, കടുത്ത വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടകാരികളാണ് ജലജന്യ രോഗങ്ങള്‍. വൃത്തിഹീനമായതും, തുറന്നു വച്ചതുമായ കുടിവെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിന് മുമ്പ് കൈ സോപ്പിട്ട് നന്നായി കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കേണ്ടതാണ്. ജലജന്യ രോഗങ്ങളെല്ലാം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. അതിനാല്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടുകയാണ് ഏറ്റവും പ്രധാനം.

കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

വേനൽ അതിന്‍റെ പാരമ്യത്തിലേക്കാണ്. എത്ര വെള്ളം കുടിച്ചാലും ദാഹമകലുന്നില്ല. അതിനാൽ തന്നെ പാതയോരത്ത് കുമിൾ പോലെയാണ് ശീതള പാനീയ പന്തലുകൾ ഉയരുന്നത്. ആകർഷകങ്ങളായ നിറങ്ങളിലും രുചികളിലും പലതരത്തിലുള്ള പാനീയങ്ങളും മിൽക്ക് ഷെയ്ക്കുകളും വാങ്ങിക്കുടിക്കും മുൻപ് ശ്രദ്ധിക്കുക.

Signature-ad

 

ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ജ്യൂസ് കടകളിൽ അടുത്തിടെ നടത്തിയ പരിശോധനകൾ ഞെട്ടിക്കുന്നതായിരുന്നു. ചീഞ്ഞതും പഴകിയതുമായ പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് സർബത്ത് ഉണ്ടാക്കുക, മിൽക്ക് ഷേക്കുകളിൽ ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ പാൽ ഉപയോഗിക്കുക, ഗുണനിലവാരമില്ലാത്ത ഐസ് ചേർക്കുക, സര്‍ബത്തുകളിൽ തിളപ്പിക്കാത്ത പാൽ ചേർക്കുക, നിരോധിത ഇനത്തിൽപ്പെട്ട മാരക രാസവസ്തുക്കൾ അടങ്ങിയ കളർ ദ്രാവകങ്ങൾ ചേർക്കുക, മലിനജലം കെട്ടിനിൽക്കുന്നതും വൃത്തിഹീനമായതുമായ സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക, അശുദ്ധമായ ജലം ഉപയോഗിക്കുക എന്നിങ്ങനെ ആരോഗ്യത്തിന് അപകടകരമാകുന്ന തരത്തിലാണ് ശീതളപാനീയങ്ങൾ തയ്യാറാക്കുന്നത്.

ഹെൽത്ത് കാർഡ് ഇല്ലാത്ത ഇല്ലാത്ത വഴിയോരത്തുള്ള ശീതളപാനീയ വില്‍പ്പന കേന്ദ്രങ്ങളിലും മറ്റുള്ള ജ്യൂസ് പാർലറുകളിലും ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കുറ്റകരമായ അനാസ്ഥ കണ്ടാൽ അവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതാണ്. ഇത് സംബന്ധിച്ച പരാതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെയോ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയോ, ആരോഗ്യവകുപ്പിനെയോ അറിയിക്കാവുന്നതാണ്. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ അനാരോഗ്യകരമായി പ്രവർത്തിക്കുന്ന ശീതള പാനീയ സ്റ്റാളുകൾ ഒഴിവാക്കണമെന്നും കഴിയുന്നതും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നത് ശീലമാക്കണമെന്നും ആരോഗ്യപ്രവർത്തകർ അഭിപ്രായപ്പെടുന്നു.

Back to top button
error: