ന്യൂഡൽഹി: എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് (പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും) കരസേനയില്‍ ടെക്നിക്കല്‍ ഓഫിസറാകാം.ആകെ 189 ഒഴിവുകളാണുള്ളത്.വിജ്ഞാപനം www. joinindianarmy.nic.inല്‍.
2022 ഒക്ടോബറിലാരംഭിക്കുന്ന 59ാമത് ഷോര്‍ട്ട് സര്‍വിസ് കമീഷന് (എസ്.എസ്.സി) ടെക്-മെന്‍, 30ാമത് എസ്.എസ്.സി ടെക് വിമെന്‍ പരിശീലന കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ത്യന്‍ ആംഡ് ഫോഴ്സില്‍ മരണപ്പെട്ടവരുടെ വിധവകള്‍ക്കായി നീക്കിവെച്ചിട്ടുള്ള ഒഴിവുകളിലേ ക്കും അപേക്ഷിക്കാവുന്നതാണ്.
പ്രായ പരിധി 1.10.2022ല്‍ 20-27 വയസ്സ്. സായുധസേനയില്‍ മരണപ്പെട്ടവരുടെ വിധവകള്‍ക്ക് 35 വയസ്സ്. ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ജിനീയറിങ് ബിരുദം വേണം. അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 2022 ഒക്ടോബര്‍ ഒന്നിനകം യോഗ്യത നേടണം. പ്രതിരോധ സേന ജീവനക്കാരുടെ വിധവകള്‍ക്ക് എസ്.എസ്.സി മെന്‍ ടെക്നിക്കല്‍ ഒഴിവിലേക്ക് ഏതെങ്കിലും സ്കീമില്‍ ബി.ഇ/ബി.ടെക് ബിരുദവും നോണ്‍ ടെക്നിക്കല്‍ ഒഴിവിലേക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദവും മതി. ഏപ്രില്‍ ആറിന് വൈകീട്ട് മൂന്ന് മണി വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കും.