IndiaNEWS

നിർണായക വിധി, ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചു; ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്നും ഹൈക്കോടതി

ബെംഗളൂരു: ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി.യു. കോളജ് വിദ്യാർഥിനികൾ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ഹൈക്കോടതി ശരിവച്ചു. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിൻ്റെ സുപ്രധാന വിലയിരുത്തൽ.

യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിർക്കാനാവില്ലെന്നും കോടതി പറഞ്ഞു.
വിധി പ്രഖ്യാപനത്തിന് മുന്നോടിയായി ബെംഗളൂരു നഗരത്തിൽ ഇന്ന് മുതൽ 21 തിങ്കൾ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികൾ, ആഹ്ലാദപ്രകടനങ്ങൾ, കൂടിച്ചേരലുകൾ എന്നിവ പാടില്ലെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ കമാൽ പന്ത് കർശന നിർദ്ദേശം നൽകി. പല സ്ഥലങ്ങളിലും സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്.

Signature-ad

റംസാൻ കാലത്ത് ഹിജാബ് ധരിക്കാൻ അനുവദിച്ച് ഇടക്കാല ഉത്തരവിറക്കണം എന്ന് ഹർജി പരിഗണിച്ചപ്പോൾ വിദ്യാർഥിനികളുടെ അഭിഭാഷകൻ വിനോദ് കുൽക്കർണി ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. ഹിജാബ് ധരിക്കണമെന്ന് ഖുർ- ആനിലില്ലെന്ന വാദത്തെ വിനോദ് കുൽക്കർണി എതിർത്തിരുന്നു. 1400 വർഷം പഴക്കമുള്ള ആചാരമാണ് ഹിജാബ് ധരിക്കലെന്നും അത് സമൂഹത്തിന്റെ പൊതുവ്യവസ്ഥയെയോ ധാർമികതയെയോ ആരോഗ്യത്തെയോ ബാധിക്കുന്നില്ലെന്നും പറഞ്ഞു.
ഹിജാബ് നിരോധിച്ചപ്പോഴാണ് പ്രശ്നങ്ങളുണ്ടായതെന്നും അദ്ദേഹം വാദിച്ചു.
ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളജിൽ ജനുവരിയിലാണ് ഹിജാബ് വിവാദം തുടങ്ങിയത്. ഹിജാബ് ധരിക്കാൻ നിർബന്ധംപിടിച്ച ആറു വിദ്യാർഥിനികളെ ക്ലാസിൽനിന്നും പുറത്താക്കി. തുടർന്ന് ഈ വിദ്യാർഥിനികൾ സമരരംഗത്തെത്തി. പ്രതിഷേധം ശക്തിയാർജിക്കുന്നതിനിടെ കോളജുകളിൽ യൂണിഫോം കോഡ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഇതോടെയാണ് പ്രതിഷേധം സംസ്ഥാനമാകെ പടർന്നത്. ഇതിനിടെ കാവിഷാൾ ധരിച്ച് മറ്റൊരുവിഭാഗം വിദ്യാർഥികളും എത്തിയതോടെ പല കാമ്പസുകളും സംഘർഷം പൊട്ടിമുളച്ചു.

ഉഡുപ്പി കോളജിലെ ആറുപേരുൾപ്പെടെ ഏഴ് വിദ്യാർഥിനികളാണ് ഹിജാബ് വിലക്കിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് മറ്റു ചിലരും ഹർജികൾ നൽകി. വിലക്കിനെതിരേ വിദ്യാർഥികൾ നൽകിയ ഹർജിയിൽ രണ്ടുദിവസം വാദം കേട്ട ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിന്റെ സിംഗിൾ ബെഞ്ച്, ഹർജി വിശാലബെഞ്ചിലേക്ക് നിർദേശിച്ചു. ഫെബ്രുവരി പത്തിനാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ഖാസി ജൈബുന്നീസ മൊഹിയുദ്ദീൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് വാദംകേട്ടുതുടങ്ങിയത്.

ഹിജാബ് മാതാചാരത്തിന്‍റെ മൗലികാവകാശങ്ങളുടെയും ഭാഗമെന്നാണ് ഹര്‍ജിക്കാർ വാദിച്ചത്. ഭരണഘടന ഉറപ്പ് നല്‍കുന്ന 14, 19, 25 അനുച്ഛേദത്തിന്‍റെ ലംഘനമാണ് ഹിജാബ് നിരോധനം എന്നു വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹിജാബ് മതാചാരത്തിന്‍റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്നും ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്‍റെ കാര്യത്തിൽ ബാധകമല്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കേസില്‍ ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ബി.ജെ.പി കേന്ദ്ര മന്ത്രിമാർ അടക്കമുള്ളവരും ഉത്തരവിനെ സ്വാഗതം ചെയ്തു. മുസ്ലിം വിദ്യാർത്ഥിനികൾക്ക് രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ മുഖ്യധാരയിലേക്ക് കടന്ന് വരാനുള്ള ഒരു അവസരമാണിതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മറ്റ് സഹോദരിമാരെ പോലെ മുസ്ലിം വനിതകളും രാജ്യനിർമാണത്തിൽ പങ്കുചേരണമെന്നും ഗവർണർ നിർദ്ദേശിച്ചു.

Back to top button
error: