തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ നക്ഷത്രങ്ങളായിരുന്ന സി. അച്യുതമേനോൻ, കെ. ദാമോദരൻ, എം.എൻ ഗോവിന്ദൻ നായർ, എൻ.ഇ ബൽറാം, സി. ഉണ്ണിരാജ, റോസമ്മ പുന്നൂസ്, കെ. മാധവൻ, മുൻ മന്ത്രി പി. രവീന്ദ്രൻ, പവനൻ, വി.വി രാഘവൻ, പുതുപ്പള്ളി രാഘവൻ, കാമ്പിശ്ശേരി കരുണാകരൻ, ശർമാജി, കെ. ഗോവിന്ദപിള്ള എന്നിവരുടെ മക്കൾ കെ-റെയിൽ പദ്ധതിക്കെതിരെ പരസ്യമായി രംഗത്ത്.
പദ്ധതിയെ അനുകൂലിക്കുന്ന സി.പി.ഐ നിലപാടിനെ ചോദ്യംചെയ്ത് ഈ മുതിർന്ന നേതാക്കളുടെ മക്കൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തുനൽകി.
സി. അച്യുതമേനോൻ്റെയും എം.എൻ ഗോവിന്ദൻ നായരുടെയും മറ്റും മക്കൾ ഉൾപ്പടെ 21 പേരാണ് കത്തിൽ ഒപ്പിട്ടത്. കെ-റെയിൽപോലുള്ള ജനവിരുദ്ധ കാര്യങ്ങൾ തുറന്നുപറയാൻ പാർട്ടി തയ്യാറാകണമെന്നാണ് കത്തിലെ ആവശ്യം. പ്രതീക്ഷയോടെകണ്ട സി.പി.ഐയുടെ വർത്തമാനകാല അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൊണ്ടാണ് ഇങ്ങനെ എതുന്നതെന്ന ആമുഖത്തോടെയാണ് കത്ത് തുടങ്ങുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഈ സർക്കാരിലും നിർണായമായ പലപ്രശ്നങ്ങളിലും എതിർപ്പ് രേഖപ്പെടുത്തേണ്ട സമയത്ത് അത് ചെയ്യാൻ സി.പി.ഐ തയ്യാറായിട്ടുണ്ട്.
ലോകായുക്ത നിയമഭേദഗതിലെ നിലപാട് ശരിയുടെ ഭാഗത്തുള്ള നിൽപ്പായി ഞങ്ങൾ കാണുന്നു. ജനങ്ങളുടെ ജീവിതപ്രശ്നങ്ങളുടെ കാര്യത്തിൽ സത്യസന്ധവും ഉചിതവുമായ നിലപാടെടുക്കുന്നതാണ് സി.പി.ഐ.യുടെ പൈതൃകം. എന്നാൽ, കെ-റെയിലിന്റെ കാര്യത്തിൽ സി.പി.ഐ നിലപാട് മനസ്സിലാക്കാനാകുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനുശേഷം സി.പി.ഐയ്ക്കൊപ്പംനിന്ന നേതാക്കൾക്ക് പൊതുകാര്യങ്ങളിൽ ഉറച്ചനിലപാടുണ്ടായിരുന്നു. അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് സൈലന്റ് വാലി പദ്ധതിയിൽ പാർട്ടി നിലപാട് സുവ്യക്തമായിരുന്നു. ഇപ്പോൾ സാധാരണക്കാരായ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന കെ-റെയിൽ പദ്ധതിവരുമ്പോൾ ഒരു ചർച്ചയുംകൂടാതെ എടുക്കുന്ന നിലപാടിനോട് യോജിക്കാനാവുന്നില്ല. ജനകീയവികാരം അവഗണിച്ചുള്ള സി.പി.എം നിലപാടിന് ഒപ്പംനിൽക്കേണ്ട ബാധ്യത സി.പി.ഐക്കില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നെന്ന് കത്തിൽ ഓർമിപ്പിക്കുന്നു.
ജനവിരുദ്ധമായ പദ്ധതികളിൽ അക്കാര്യം തുറന്നുപറഞ്ഞ് വിയോജിക്കാൻ തയ്യാറാവണം. ഞങ്ങളുടെ മാതാപിതാക്കളടക്കം പതിനായിരങ്ങൾ അവരുടെ ജീവൻകൊടുത്ത് വളർത്തിയ പ്രസ്ഥാനം, അതിന്റെ രാഷ്ട്രീയപാരമ്പര്യത്തോടെ മുൻപന്തിയിൽ നിൽക്കണം. കെ-റെയിലിനെ പിന്തുണയ്ക്കുന്നതിനുമുമ്പ് ഡി.പി.ആർ പഠിക്കാൻ എല്ലാവരും തയ്യാറാകണം. വിദഗ്ധരെ പങ്കെടുപ്പിച്ച് ചർച്ചനടത്തണം.
ഈ കത്തിനെ അനുകൂലിച്ച് ഒപ്പിട്ടവർ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കംതൊട്ട് ദീർഘകാലം ഈ പ്രസ്ഥാനത്തെ സേവിച്ചവരുടെ മക്കളാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് അവസാനിപ്പിക്കുന്നത്.