ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെയടക്കം 81 പേർക്ക് ഒറ്റദിവസം വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. വധശിക്ഷ ലഭിച്ച 81 പേരിൽ 73 പേർ സൗദി സ്വദേശികളായ പുരുഷന്മാരും ഏഴ് പേർ യെമനികളും ഒരാൾ സിറിയൻ പൗരനുമാണ്.
ആധുനിക സൗദിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രപേരെ ഒറ്റദിവസം വധശിക്ഷയ്ക്കു വിധേയരാക്കുന്നത്.
ആഭ്യന്തരമന്ത്രാലയമാണ് ഔദ്യോഗിക വാർത്താ ഏജൻസി വഴി ഇക്കാര്യം പുറത്തുവിട്ടത്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് പുറമേ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും കൊലപ്പെടുത്തിയവരും വധശിക്ഷയ്ക്ക് വിധേയരാക്കിയവരിൽ ഉൾപ്പെടുന്നു. ഉയർന്ന പദവികളിലുള്ള സർക്കാർ ഉദ്യോഗസ്ഥരേയും തന്ത്രപ്രധാനമായ സാമ്പത്തിക കേന്ദ്രങ്ങളെയും ആക്രമിക്കാൻ ലക്ഷ്യമിടുക, നിയമപാലകരായ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയോ ആക്രമണങ്ങളിൽ അംഗഭംഗം വരുത്തുകയും ചെയ്യുക, പോലീസ് വാഹനങ്ങൾ തകർക്കാൻ കുഴിബോംബുകൾ സ്ഥാപിക്കുക തുടങ്ങിയ വിധ്വംസക പ്രവർത്തനങ്ങൾക്കു പുറമേ തട്ടിക്കൊണ്ടുപോകൽ, പീഡനം ബലാത്സംഗം, ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും കള്ളക്കടത്ത് തുടങ്ങിയ കേസുകളിൽ പിടിക്കപ്പെട്ടവർക്കും വധശിക്ഷ ലഭിച്ചിട്ടുണ്ട്.
നിയമപരമായ വിചാരണ പൂർത്തിയാക്കിയാണ് എല്ലാ പ്രതികൾക്കും എതിരായ ശിക്ഷ വിധിച്ചത്.
ഇവരുടെ കേസുകൾ പരിഗണിച്ചത് 13 ജഡ്ജിമാരാണ്. ഓരോ വ്യക്തിയെയും മൂന്നുതവണയാണ് വിചാരണയ്ക്ക് വിധേയരാക്കിയത്. നിയമപ്രകാരം ഇവർക്ക് അഭിഭാഷകരെയും ലഭ്യമാക്കിയിരുന്നു.
നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികൾക്ക് നൽകി വിചാരണ പൂർത്തിയായ ശേഷമാണ് ഇവരെ കുറ്റക്കാരായി കണ്ടെത്തിയത്. തുടർന്നാണ് ഒറ്റ ദിവസം കൊണ്ട് 81 പേരുടെ വധശിക്ഷ നടപ്പാക്കിയത്.