KeralaNEWS

മസ്തിഷ്‌ക മരണം സംഭവിച്ച യുവാവ്‌ ആറ് പേർക്ക് ജീവനേകി

കൂത്തുപറമ്പ്: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവ്‌ അവയവദാനത്തിലൂടെ ആറ് പേർക്ക് ജീവനേകി.
കൂത്തുപറമ്പ്‌ തൃക്കണ്ണാപുരം ‘നന്ദന’ത്തിൽ എം.ടി വിഷ്ണു(27 ) വാണ് ഇനി ആറുപേരിലൂടെ ജീവിക്കുക. ബംഗളൂരുവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ ഇന്നലെ രാവിലെയാണ് കോഴിക്കോട് ആസ്റ്റർ മിംസിലെത്തിച്ചത്.
അതിനോടകം മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. വിവരം ആശുപത്രി അധികൃതർ ബോധ്യപ്പെടുത്തിയപ്പോൾ മാതാപിതാക്കൾ അവയവദാനത്തിന്‌ തയ്യാറാവുകയായിരുന്നു.

മരണശേഷവും ആറ് പേരിലൂടെ മകൻ ജീവിക്കുമെങ്കിൽ അതാണ് ഞങ്ങൾക്ക് സന്തോഷം എന്ന് പറഞ്ഞാണ് അച്ഛനും അമ്മയും അവയവദാനത്തിന് പൂർണ്ണ മനസ്സോടെ സമ്മതം നൽകിയത്.
കരൾ, രണ്ട് വൃക്ക, ഹൃദയം, കോർണിയ എന്നിവയാണ് ദാനം ചെയ്തത്. ഇതിൽ ഒരു വൃക്കയും കരളും കോർണിയയും ആസ്റ്റർ മിംസിലെ തന്നെ രോഗികൾക്കാണ് ലഭ്യമാവുക. മറ്റുള്ള അവയവങ്ങൾ സർക്കാർ നിർദേശമനുസരിച്ച്‌ വിട്ടുകൊടുക്കും. രാത്രി 10ന്‌ തന്നെ അവയവം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകൾ ആരംഭിച്ചു.

Signature-ad

ബംഗളൂരുവിൽ ഏവിയേഷൻ കോഴ്സ് വിദ്യാർഥിയായിരുന്നു വിഷ്ണു . അച്ഛൻ: സുനിൽ കുമാർ ബിഎസ്‌എൻഎൽ ജീവനക്കാരനാണ്.
അമ്മ: ചിത്ര എറണാകുളം കാംകോയിൽ ജോലി ചെയ്യുന്നു. സഹോദരി: കൃഷ്‌ണപ്രിയ.

Back to top button
error: