IndiaNEWS

ആറ് വര്‍ഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ ഉടൻ പൊലീസില്‍ അഭയം തേടി മന്ത്രിയുടെ മകള്‍

പിന്നാക്ക ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ ജീവന്‍ അപടകത്തിലാണെന്ന പരാതിയുമായി തമിഴ്നാട് മന്ത്രിയുടെ മകള്‍ ബംഗ്ലൂരു പൊലീസ് കമ്മീഷ്ണര്‍ ഓഫീസില്‍ അഭയം തേടി.

തമിഴ്നാട് ദേവസ്വം മന്ത്രിയും ഡി.എം.കെ മുതിര്‍ന്ന നേതാവുമായ പി.കെ ശേഖര്‍ ബാബുവിന്‍റെ മകള്‍ എസ്. ജയകല്യാണിയാണ് വിവാഹം കഴിഞ്ഞയുടനെ ജീവന് സംരക്ഷണം ആവശ്യപ്പെട്ട് കമ്മീഷണര്‍ ഓഫീസില്‍ പരാതിയുമായി എത്തിയത്.
ഡി.എം.കെ പ്രവര്‍ത്തകര്‍ തന്നെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ചുവെന്നു യുവതി പരാതിപ്പെട്ടു.

Signature-ad

പി.കെ ശേഖര്‍ബാബുവിന്‍റ ഡ്രൈവറായ സതീഷ് കുമാറുമായി കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. കർണാടകത്തിലെ ഒരു ഹിന്ദു സംഘടനയുടെ സഹായത്തോടെയാണ് ഇവർ വിവാഹിതരായത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സതീഷ് കുമാറിനെയും കുടുംബത്തെയും ഒരു വിഭാഗം ഡി.എം.കെ പ്രവര്‍ത്തകരെത്തി ഭീഷണിപ്പെടുത്തിയിരുന്നു. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് തങ്ങളെ ഡി.എം.കെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തെന്നും തലനാരിയ്ക്കാണ് രക്ഷപ്പെട്ട് ബെംഗ്ലൂരുവിലേക്ക് വന്നതെന്നും എസ്. ജയകല്യാണി പൊലീസിനോട് പറഞ്ഞു.

പിന്നാക്ക വിഭാഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രഭരണസമിതികള്‍ക്ക് എതിരെ കര്‍ശന നടപടിയെടുത്ത മന്ത്രിയാണ് ശേഖര്‍ ബാബു. ജാതിയുടെ പേരില്‍ പ്രവേശനം തടഞ്ഞ യുവതിക്കൊപ്പമിരുന്ന് മന്ത്രി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ജാതിവിവേചനങ്ങള്‍ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച ഡി.എം.കെയിലെ മുതിര്‍ന്ന നേതാവ് സ്വന്തം മകളുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

Back to top button
error: