തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ചത് പൊള്ളലേറ്റല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.മരിച്ചവരുടെ ദേഹത്തുണ്ടായ പൊള്ളലുകള്‍ മരണകാരണമായിട്ടില്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.മരിച്ചവരുടെ വസ്ത്രങ്ങള്‍ പോലും കാര്യമായി കത്തിയിട്ടില്ല.
അഞ്ച് പേരുടെയും മൃതദേഹങ്ങളില്‍ പൊള്ളലുണ്ട്.അതേസമയം ഇത് മരണത്തിന് കാരണമാകുന്ന മാരകമായ പൊള്ളലുകള്‍ അല്ല.വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തിലെത്താനാകൂവെന്ന് റൂറല്‍ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥ് പറഞ്ഞു.മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് വിശദപരിശോധനയ്ക്ക് അയക്കും.
അതേസമയം അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. റൂറല്‍ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥിന്റെ മേല്‍നോട്ടത്തില്‍ വര്‍ക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിലാകും അന്വേഷണം.
തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് അഞ്ച് പേരുടെയും മരണമെന്നാണ് പ്രാഥമിക നിഗമനം.ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണ് കാരണമെന്നാണ് കെഎസ്ഇബിയുടെ ഇലക്ട്രിക്കല്‍ ഇന്സ്പെക്ഷന് വിഭാഗവും പൊലീസ് ഫോറന്‍സിക് വിഭാഗവും നല്‍കിയിരിക്കുന്ന പ്രാഥമിക വിവരം.