അമ്മേ മാപ്പ്
അജേഷ് മാത്യു
മൂന്ന് ആൺ മക്കളെ പെറ്റു വളർത്തിയെങ്കിലും അനാഥയായി അന്ത്യശ്വാസം വലിച്ച ഒരമ്മയെക്കുറിച്ചുള്ള ഓർമ പങ്കിടുകയാണ് പ്രവാസിയായ എഴുത്തുകാരൻ
ശ്രിലങ്കൻ സുഹൃത്ത് ആവശ്യപെട്ട പ്രകാരം ഞാൻ ചെല്ലുമ്പോൾ ഇന്ദ്രാണി വളരെ ദയനീയ അവസ്ഥയിലായിരുന്നു. ന്യുമോണിയ ബാധിച്ചു മരണാസന്നയായ ആ സ്ത്രീയെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല.
വിസ ഇല്ലാതെ ജോലി ചെയ്യുന്നതിനാൽ ആശുപത്രിയിൽ പോകാൻ പോലും കഴിയാത്ത വണ്ണം നിയമകുരുക്കിലും.
എന്തെങ്കിലും വൈദ്യസഹായം കിട്ടിയില്ലെങ്കിൽ അവർ മരിച്ചു പോകുമെന്ന് കൂടി നിന്നിരുന്നവർ ഭയപെട്ടു. മൂന്നു ആൺ മക്കളുടെ മാതാവാണ് ഇന്ദ്രാണി എന്ന 55കാരി. ആൺ മക്കൾ, വിവാഹം കഴിഞ്ഞതോടെ അവരുടെ താൽപര്യപ്രകാരം അങ്ങോട്ടും ഇങ്ങോട്ടും മാറിയപ്പോൾ ഇന്ദ്രാണി വീട്ടിൽ ഒരു അധിക പറ്റായി.
ഒറ്റപ്പെട്ടുപോയ അവർ ആ ഏകാന്തത മറി കടക്കാനാണ് വീട്ടു ജോലിക്കായി കടൽ കടന്നു വന്നത്.
പോലീസിൽ അറിയിക്കാതെ വേറെ നിവർത്തിയില്ല. ഇവിടെ കിടന്നു മരിച്ചാൽ, കൂടി നിൽക്കുന്ന എല്ലാവരും ഉത്തരം പറയേണ്ടി വരും. ഇന്ദ്രാണി അവസാന നിമിഷങ്ങളിലാണെന്നു ചുറ്റും കൂടി നിൽക്കുന്നവർക്ക് തോന്നത്തക്ക വിധം ശ്വാസം ശക്തമായി ഉള്ളിലേയ്ക്കെടുത്തു തുടങ്ങി. ഒരു നിമിഷം എല്ലാം തീർന്നെന്നു തോന്നിപ്പിച്ചൊരു നിശബ്ദത.
പെട്ടെന്ന് വജ്ര സൂചി കൊണ്ട് ഗ്ലാസ് മുറിക്കും പോലെ നിശബ്ദതയെ കീറി മുറിച്ചൊരു വിളി:
” ജയന്ത് ”
അടുത്തു നിന്ന എന്റെ സുഹൃത്ത് ഓടി അവരോടു ചേർന്നു നിന്നു. പതിഞ്ഞ സ്വരത്തിൽ ഇന്ദ്രാണി ജയന്തിനോട് സംസാരിച്ചു. താൻ കിടക്കുന്ന കട്ടിലിനു കീഴെ ഒരു സഞ്ചിയുണ്ട് അതെടുക്കുക. സാമാന്യം വലിയ ഒരു തുണി സഞ്ചി. അതിൽ നിറയെ ഏതോ അറബി വീട്ടിൽ നിന്നും കളഞ്ഞ കളിപ്പാട്ടങ്ങൾ… അവയെല്ലാം ജയന്ത് കട്ടിലിനരികെ കുടഞ്ഞിട്ടു. അതിൽ ഒരു കരടി കുട്ടന്റെ മുഖമുള്ള പാവ ചൂണ്ടി അവർ അതെടുക്കാൻ പറഞ്ഞു.
അതിനുള്ളിൽ ഏതാണ്ട് 5600 ദിർഹംസ്. അതെടുത്തു ജയന്തിനെ ഏൽപ്പിച്ചു കൊണ്ടു ഇന്ദ്രാണി പറഞ്ഞു:
“ഞാൻ മരിച്ചാൽ ഈ കാശ് എന്റെ മൂന്നു ആൺ മക്കൾക്കും തുല്യമായി വീതിച്ചു കൊടുക്കണം, ആ കളിപ്പാട്ടങ്ങൾ എന്റെ കൊച്ചു മക്കൾക്കും, അവർക്കാർക്കും എന്നെ വേണ്ടായിരുന്നെങ്കിലും അവരാണ് എനിക്കെല്ലാം… ”
തൊണ്ടയിടറി, വാക്കുകൾ പുറത്തു വരാനാവത്തവിധം നിത്യ മയക്കത്തിലെയ്ക്കവർ വഴുതി വീണു .
എംബാം കഴിഞ്ഞ മൃതപേടകത്തിനു കീഴെ കവി കൂടിയായ ജയന്ത് ഇങ്ങനെ ഒരു കുറിപ്പെഴുതിയിട്ടു:
‘സ്ത്രീയെ നീ മടങ്ങുകയാണ്
നിന്നെ ഉപേക്ഷിച്ചവരുടെ അടുത്തേയ്ക്ക്
നിനക്കുപേക്ഷിക്കാൻ കഴിയാത്തിടത്തേയ്ക്ക് കാരണം
നീ അമ്മയാണ് നീ സ്ത്രീയാണ്.’
വനിതാ ദിന ആശംസകൾ…!