കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്തിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ വെടിയേറ്റ അനുജനും പിന്നാലെ മാതൃസഹോദരനും മരിച്ചു. മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയ (78) എന്നിവരാണു കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട രഞ്ജു കുര്യന്റെ ജ്യേഷ്ഠൻ ജോർജ് കുര്യനെ (52) അറസ്റ്റ് ചെയ്തു. തടസ്സം പിടിക്കുന്നതിനിടെയാണ് മാതൃസഹോദരൻ മാത്യുവിനു വെടിയേറ്റത്. രഞ്ജു സംഭവസ്ഥലത്തു വച്ചും മാത്യു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
ഇന്നു പുലർച്ചെ 1 മണിക്കാണ് മാത്യു മരിച്ചത്. തിങ്കളാഴ് വൈകിട്ടു നാലര മണിയോടെ മണ്ണാറക്കയത്തെ കുടുംബവീട്ടിൽ വച്ചായിരുന്നു സംഭവം.
കൊച്ചിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണു പ്രതിയായ ജോർജ് കുര്യൻ. ബിസിനസിൽ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തിൽനിന്നു രണ്ടര ഏക്കർ കഴിഞ്ഞ ദിവസം പിതാവിൽനിന്ന് ജോർജ് എഴുതിവാങ്ങിയിരുന്നു.
ഈ സ്ഥലത്തു വീടുകൾ നിർമിച്ചു വിൽക്കാൻ ഇയാൾ പ്ലാനിട്ടു. ഇതെച്ചൊല്ലിയുള്ള തർക്കമാണത്രേ കൊലപാതകത്തിൽ കലാശിച്ചത്.
സഹോദരങ്ങൾ പരസ്പരം സംസാരിച്ചിട്ടും തർക്കത്തിനു പരിഹാരം കാണാൻ കഴിയാതെ വന്നതോടെയാണ് ഇന്നലെ മാതൃസഹോദരൻ മാത്യു സ്കറിയ മധ്യസ്ഥതയ്ക്കായി എത്തിയത്. മുൻപു കുടുംബവീട്ടിൽ താമസിച്ചിരുന്ന രഞ്ജു മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് ഊട്ടിയിലാണ് ഇപ്പോൾ താമസം. ഇരുവരുടെയും മാതാപിതാക്കളായ കെ.വി.കുര്യനും (84) റോസ് കുര്യനുമാണ് (75) തറവാട്ടിൽ ഇപ്പോൾ താമസിക്കുന്നത്.
വീട്ടിലെ മുറിയിൽ നടന്ന സംഭാഷണത്തിനിടെ രഞ്ജുവും ജോർജും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നു ജോർജ് കൈവശം കരുതിയിരുന്ന റിവോൾവർ ഉപയോഗിച്ചു രഞ്ജുവിനെ നേരെ വെടിയുതിർത്തെന്നും തലയിൽ വെടിയേറ്റ രഞ്ജു തൽക്ഷണം മരിച്ചെന്നും പൊലീസ് പറയുന്നു. മാത്യു സ്കറിയയുടെ തലയിലും നെഞ്ചിലും വെടിയേറ്റു.
ജോർജ് കുര്യൻ ഉപയോഗിച്ച റിവോൾവറിൽനിന്നു 4 വെടി ഉതിർത്തതായി പൊലീസ് കണ്ടെത്തി. രണ്ടെണ്ണം രഞ്ജുവിന്റെയും രണ്ടെണ്ണം മാത്യു സ്കറിയയുടെയും ശരീരത്തിൽ തുളഞ്ഞു കയറിയതായി വ്യക്തമായി.
വെടിയൊച്ച കേട്ട് ആദ്യം ഓടിയെത്തി മുറി തുറന്നത് ഇരുവരുടെയും മാതാപിതാക്കളാണ്. സംഭവം കണ്ടു ഭയന്ന അവർ കതകടച്ച് ഓടിമാറി.
വെടിവയ്പിനു മുൻപു മൽപിടിത്തം നടന്നതായും പൊലീസ് സംശയിക്കുന്നു. ജോർജ് കുര്യന്റെ ഷർട്ടിലും ചോര പുരണ്ടിരുന്നു. പൊലീസ് എത്തിയപ്പോൾ രക്തം പുരണ്ട ഷർട്ടുമായി ജോർജ് വീട്ടിനുള്ളിലെ കസേരയിൽ ഇരിക്കുകയായിരുന്നു.
തർക്കം പരിഹരിക്കാൻ 3 ദിവസം മുൻപ് എറണാകുളത്തു നിന്നെത്തിയ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു.