‘ഉഷയെ പോലെയാകാതെ ബ്രൂസ് ലീ ബിജിയെ പോലെയാകൂ’
ഇന്ത്യക്ക് സ്വന്തമായി ഒരു സൂപ്പർ ഹീറോ, അതായിരുന്നു മിന്നൽ മുരളി. ചിത്രം ഇറങ്ങുന്നതിനു മുൻപേ തന്നെ ചലച്ചിത്ര ലോകത്ത് വലിയ ചർച്ചയായിരുന്നു. പല ഭാഷകളിൽ നിർമിച്ച ചിത്രം ഇന്ത്യ ഒട്ടാകെ വലിയ ആഘോഷമായി മാറി.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ടോവിനോ തോമസായിരുന്നു മിന്നൽ മുരളിയെ അവതരിപ്പിച്ചത്. ചിത്രം ഇറങ്ങിയതിന് ശേഷം ചിത്രത്തിലെ ഉഷ എന്ന കഥാപാത്രം വലിയ ചർച്ചയായിരുന്നു. ഒരു ടോക്സിക് പ്രണയമാണോ ഷിബുവിന് ഉഷയോട് എന്തൊക്കെയായിരുന്നു ചർച്ച. സ്വന്തമായി വരുമാനമില്ലാത്ത, ഭർത്താവ് ഉപേക്ഷിച്ച, സഹോദരനെയും, അയാളുടെ സുഹൃത്തിനെയും, ഷിബുവിനെയും ഒക്കെ ആശ്രയിക്കേണ്ടി വരുന്ന ഒരു കഥപത്രമാണ് ഉഷ. ചിത്രത്തിലെ മറ്റൊരു കഥാപാത്രമാണ് ബ്രൂസ് ലീ ബിജി. ബ്രൂസ് ലീ ബിജി സ്വയം പര്യാപ്തയാണ്.
ബേസിൽ ജോസഫ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരസ്യം ഇപ്പോൾ താരംഗമാവുകയാണ്. ‘ഫിനാൻഷ്യൽ ഫ്രീഡം ഉറപ്പാക്കുന്നത് വരെ ഇനി വേണ്ട വിട്ട് വീഴ്ച’ എന്നതാണ് മുന്നോട്ട് വെക്കപ്പെടുന്ന ആശയം. ‘സ്ത്രീകൾക്ക് സ്വാതന്ത്രം മാത്രം പോരാ ഫിനാൻഷ്യൽ ഫ്രീഡം കൂടെ കിട്ടണം. ഉഷയെ പോലെയാകാതെ ബ്രൂസ് ലീ ബിജിയെ പോലെയാകൂ’, ഇതാണ് ബേസിൽ പ്രത്യക്ഷപ്പെടുന്ന പരസ്യത്തിലുള്ളത്. ചെറിയൊരു തോതിലെങ്കിലും ആളുകളെ മാറ്റി ചിന്തിപ്പിക്കാൻ ഇത്തരം പ്രവർത്തികൾക്ക് കഴിയും.’മിന്നിത്തിളങ്ങാൻ വേണ്ടത് ഫ്രീഡമാണ്’ എന്ന അടിക്കുറുപ്പോടെയാണ് ബേസിൽ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.