ആയിരം കാതം താണ്ടി ദേശാടന പക്ഷികള്‍ വിരുന്നത്തെുന്ന സാലിം അലി പക്ഷിസങ്കേതമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.ഗ്രാമങ്ങളെ വെട്ടിമുറിക്കുന്ന ഇടതോടുകളിലൂടെ വള്ളങ്ങളില്‍ സഞ്ചരിക്കുന്നതും രസകരമായ അനുഭൂതിയാണ്.നയനമനോഹരമായ ഗ്രാമീണ കാഴ്ചകള്‍ക്കൊപ്പം കരിമീന്‍ പൊള്ളിച്ചതും ചെമ്മീന്‍കറിയുമടക്കം തനത് രുചികളും ആസ്വദിക്കാന്‍ ഇവിടെ സൗകര്യമുണ്ട്.തെങ്ങിന്തോപ്പു
കളും നെല്‍വയലുകളും ഒരുക്കുന്ന പച്ചപ്പാണ് കുമരകത്തിന്റെ മറ്റൊരു സൗന്ദര്യം.
കോട്ടയത്തു നിന്ന് 12 കിലോമീറ്റര്‍ ദൂരത്താണ് കുമരകം.സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതർലൻഡ്സ് എന്നും അറിയപ്പെടുന്നുണ്ട്.അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്ക്സ്’ എന്ന പുസ്തകത്തിലൂടെയാണ് കുമരകം വിശ്വപ്രസിദ്ധമായത്.എങ്കിലും കുമരകത്തിന്റെ തലവര മാറ്റിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ കുമരകം സന്ദർശനമാണ്.2000 ഡിസംബർ 25-ന് കുമരകത്ത് എത്തിയ വാജ്പേയി 2001 ജനുവരി ഒന്നിനാണ് തിരികെ മടങ്ങിയത്.വാജ്പേയിയുടെ സന്ദർശനത്തോടെയാണു കുമരകം ഇന്നു കാണുന്ന രീതിയിൽ ഒരു രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ വളർന്നത്.
വേമ്പനാട് കായലിനു നടുവില്‍ കുമരകത്തിന് സമീപം സ്ഥിതി ചെയ്യുന്ന പാതിരാമണല്‍ ദ്വീപിലേക്കുള്ള ബോട്ട് യാത്ര, ആർ-ബ്ലോക്ക്, കവണാറ്റിനകര, തണ്ണീർമുക്കം ബണ്ട് തുടങ്ങിയവയും കൗതുക കാഴ്ച്ചകളുടെ കലവറകൾ തന്നെയാണ്.പക്ഷിനിരീക്ഷകര്‍ക്ക് വരുന്നൊരുക്കി സൈബീരിയന്‍ ക്രെയിനുകളടക്കം ധാരാളം ദേശാടനപക്ഷികള്‍ കൂടൊരുക്കുന്ന സ്ഥലങ്ങളാണിവ.വേമ്പനാട് കായലാകട്ടെ കരിമീന്‍, ചെമ്മീന്‍,കക്ക തുടങ്ങി പലയിനം മല്‍സ്യങ്ങളുടെ ആവാസ കേന്ദ്രവുമാണ്.
ജലസേചനത്തിനും യാത്രക്കുമായി മീനച്ചിലാറുമായി ബന്ധപ്പെടുത്തി നിര്‍മിച്ച ജലപാതകളും കനാലുകളും കുമരകത്തെ വ്യത്യസ്തമായ വിനോദസഞ്ചാരകേന്ദ്രമാക്കുന്നു.മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുമരകത്തെ മനോഹര അനുഭവം ഹൗസ്ബോട്ടിലെ കായല്‍സഞ്ചാരമാണ്.എറണാകുളത്ത് നിന്നും ആലപ്പുഴയില്‍ നിന്നും ഹൗസ്ബോട്ടുകള്‍ വാടകക്ക് എടുത്ത് കുമരകത്ത് എത്തുന്ന സഞ്ചാരികള്‍ ധാരാളമുണ്ട്.മരം കൊണ്ട് നിര്‍മിച്ച ഹൗസ്ബോട്ടുകളില്‍ പലതും ആധുനിക സൗകര്യങ്ങളുള്ളവയാണ്.എയര്‍ കണ്ടീഷന്‍,പഞ്ചനക്ഷത്ര ഹോട്ടലുകളെ അനുസ്മരിപ്പിക്കും വിധമുള്ള ബെഡ്റൂമുകള്‍ , ടോയ്ലെറ്റ്,കിച്ചണ്‍,ബാല്‍ക്കണി,റെസ്റ്റ് ഏരിയ തുടങ്ങി വ്യത്യസ്ത സൗകര്യങ്ങളുള്ള ഹൗസ്ബോട്ടുകളില്‍ കോര്‍പ്പറേറ്റ് കോണ്‍ഫറന്‍സുകള്‍ വരെ സംഘടിപ്പിക്കാറുണ്ട്.സഞ്ചാരികളുടെ പോക്കറ്റിനണങ്ങും വിധം പകല്‍ സമയത്തുള്ള യാത്രയോ പകലും രാത്രിയുമുള്ള ഹൗസ്ബോട്ട് യാത്രകള്‍ തെരഞ്ഞെടുക്കാം.
കുമരകത്തിന്റെ മറ്റൊരു പ്രത്യേകത, ഇവിടെ നിന്നും ലഭിക്കുന്ന ഒരിക്കലും മറക്കാത്ത രുചികളാകും. കരിമീന്‍ പൊള്ളിച്ചത് ,ചെമ്മീന്‍ ഫ്രൈ, ഞണ്ട് ഫ്രൈ, ഫിഷ് മോളി,കരിമീന്‍ മപ്പാസ് ,കപ്പയും മീനും തുടങ്ങി മല്‍സ്യ വിഭവങ്ങള്‍ക്കൊപ്പം പാലപ്പം, മട്ടണ്‍ സ്റ്റ്യൂ,താറാവ് ഫ്രൈ,ബീഫ് ഫ്രൈ തുടങ്ങി കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ തോന്നുന്ന രുചിക്കൂട്ടുകള്‍ കുമരകത്തിന്റെ മാത്രം പ്രത്യേകതയാണ്. റിസോര്‍ട്ടുകള്‍,ബഡ്ജറ്റ് ഹോട്ടലുകള്‍,ഹോംസ്റ്റേകള്‍ തുടങ്ങിയവക്കൊപ്പം ശുദ്ധമായ അന്തിക്കള്ള് ലഭിക്കുന്ന നാടൻ ഷാപ്പുകളിലും വരെ സഞ്ചാരികൾ ഈ ഭക്ഷണങ്ങള്‍ തേടിയത്തൊറുണ്ട്.
ഇവിടുത്തെ രുചികളിൽ തേങ്ങാകൊത്തിട്ട് വരട്ടിയ ബീഫും കള്ളപ്പവും ചിക്കനും പിടിയും പാലപ്പവും വാഴയിലയിൽ കിടന്ന് പൊരിഞ്ഞു വെന്ത കരിമീനും കപ്പയും കുടമ്പുളിയിട്ട് വറ്റിച്ച മീനും എല്ലാമുണ്ട്.പിന്നാലെ കോമ്പിനേഷനായി കപ്പയും അൽപ്പം മധുരകള്ളും മോന്തണം.കിളിമീൻ വറുത്തതും ചൊകചൊകന്ന അഭിവാദ്യങ്ങളോടെ തലക്കറിയും കരിമീൻ പൊള്ളിച്ചതും ഡക്കും പോർക്കും ബീഫും ഒക്കെയായി കള്ളുഷാപ്പുകൾ ഇവിടെ കസ്റ്റമേഴ്സിനെ മാടി മാടി വിളിക്കുകയാണ്. ഈ വിളി ഒരിക്കലെങ്കിലും കേട്ടില്ലെങ്കിൽ പിന്നെ ലൈഫിൽ എന്ത് ത്രില്ലാണ് ഉള്ളത്. മലയാളി എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറഞ്ഞു നടന്നാൽ പോര.വല്ലപ്പോഴുമൊക്കെ ഷാപ്പിൽ പോകണം, അത് കുമരകത്തെ ഷാപ്പിൽ തന്നെയാവുകയും വേണം.ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നെ രുചിയുടെ കാര്യത്തിൽ പിന്നെയും പിന്നെയും മലയാളി ആസക്തിയോടെ കുമരകം എന്ന പേര് ഉറക്കത്തിൽ പോലും ഉരുവിടും എന്ന കാര്യത്തിൽ സംശയം വേണ്ട.