Kerala

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം  27ന്;  മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: പോളിയോ വൈറസ് നിർമാർജ്ജനം ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഫെബ്രുവരി 27ന് ജില്ലയിൽ നടക്കും. കുട്ടികളിൽ അംഗവൈകല്യത്തിനും പിള്ളവാതത്തിനും ഇടയാക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് അഞ്ചു വയസുവരെയുള്ള ജില്ലയിലെ 1.08 ലക്ഷം കുട്ടികൾക്കാണ് പോളിയോ തുള്ളി മരുന്നു നൽകുക.

കോട്ടയം ജനറൽ ആശുപത്രിയിൽ രാവിലെ ഒൻപതിന് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി എൻ വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽ എ അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്ററ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ ആശുപത്രി സൂപ്രണ്ട് ഡോ.ആർ ബിന്ദുകുമാരി എൻ എച്ച് എം പ്രോഗ്രാം മാനേജർ ഡോ അജയ് മോഹൻ സംബന്ധിക്കും.

Signature-ad

കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് 1296 ബൂത്തുകളാണു ഇതിനായി ജില്ലയിൽ പ്രവർത്തിക്കുക ബൂത്തിലുണ്ടാകുന്ന രണ്ട് വാക്സിനേറ്റർമാരും എൻ95 മാസ്ക്, ഫേസ് ഷീൽഡ് എന്നിവധരിക്കും. ബൂത്തിലെത്തുന്നവരുടെ കൈകൾ ശുചീകരിക്കൻ സാനിറ്റൈസർ നൽകും.. കുട്ടിയുമായി വീട്ടിൽ നിന്നു ഒരാൾ മാത്രം ബൂത്തിലെത്തിയാൽ മതിയാകും. പനി, ചുമ, ജലദോഷം, വയറിളക്കം, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ യാതൊരു കാരണവശാലും ബൂത്തിൽ എത്തരുത്.

അങ്കണവാടികൾ, വായനശാലകൾ, കല്യാണമണ്ഡപങ്ങൾ, പ്രമുഖ ബസ് സ്റ്റാൻഡുകൾ, റയിൽവേ സ്റ്റേഷൻ തുടങ്ങി മുൻപു ബൂത്തുകൾ പ്രവത്തിച്ചിരുന്നയിടങ്ങളിലൊക്കെ വാക്സിനേഷൻ നൽകും. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനു പ്രത്യേക മൊബൈൽ ബൂത്തുകൾ പ്രവർത്തിക്കും.

ഞായറാഴ്ച വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കളാഴ്ച്ചയും, ചൊവ്വാഴ്ച്ചയും ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി വാക്സിൻ നൽകും. വീടുകളിലെത്തുന്ന വാക്സിനേറ്റർമാരും എൻ95 മാസ്ക്, ഫേസ് ഷീൽഡ് എന്നിവ ധരിക്കും സാനിറ്റൈസർ കയ്യിൽ കരുതുകയും ചെയ്യും.

ഓരോ വാക്സിനേറ്റർമാർക്കും മൂന്നു മാസ്കുകൾ, മൂന്നു ഫേസ് ഷീൽഡ്, സാനിറ്റൈസർ എന്നിവയും ബൂത്തുകളിൽ 500 മില്ലി ലിറ്റർ സാനിറ്റൈസർ എന്നിവ വിതരണം ചെയ്തിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അറിയിച്ചു.

Back to top button
error: