രാജസ്‌ഥാനിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട പലഹാരമാണ് കച്ചോടി. അൽവാറിലെ ഒരു റെയിൽവേ ക്രോസിംഗിൽ ട്രെയിൻ നിർത്തിയാണ് ലോക്കോ പൈലറ്റ് സ്വാദിഷ്ടമായ ഈ പലഹാരം വാങ്ങിയത്. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ട്രെയിൻ നിർത്തിയതിന്റെ പേരിൽ ലോക്കോ പൈലറ്റടക്കം അഞ്ച് പേരെ ഇന്ത്യൻ റെയിൽവേ സസ്പെൻഡ് ചെയ്തു. സംഭവം രാജസ്ഥാനിൽ തന്നെ.
ഒരു പാക്കറ്റ് കച്ചോടി വാങ്ങാൻ ലോക്കോപൈലറ്റ് അൽവാറിലെ റെയിൽവേ ക്രോസിംഗിൽ ട്രെയിൻ നിർത്തുന്നതിൻ്റെയും പലഹാരം വാങ്ങുന്നതിനെച്ചെമൊക്കെ വീഡിയോ എടുത്ത് ആരോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പിന്നാലെ വീഡിയോ വൈറലായി തീർന്നു. ഇതോടെ അധികാരികൾ സംഭവം അറിയുകയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
വീഡിയോവിൽ റെയിൽവേ ക്രോസ്സിങ്ങിൽ ഒരാൾ കച്ചോടിയുമായി കാത്ത് നില്കുന്നത് കാണാം. അയാളുടെ അടുത്തെത്തിയപ്പോൾ ട്രെയിൻ നിന്നു.
അയാൾ ഉടനെ കൈയിലുള്ള പൊതി ലോക്കോ പൈലറ്റിന്റെ സഹായിക്ക് കൈമാറുന്നു. തുടർന്ന് ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങുന്നു. എൻജിൻ സ്റ്റാർട്ട് ആയ ശബ്ദവും കേൾക്കാം. എന്നാൽ, ഇത് നടക്കുന്ന സമയമത്രയും ക്രോസിങിന്റെ ഇരുവശത്തും ആളുകൾ ട്രെയിൻ കടന്ന് പോകാൻ ക്ഷമയോടെ കാത്ത് നിൽക്കുന്നതും കാണാം. കാലത്ത് എട്ടു മണിക്കായിരുന്നു സംഭവം നടന്നത്.