BusinessKerala

കോവിഡിൽ ജോലി നഷ്ടമായവർക്കായി സ്‌കൗട്ട് പോർട്ടൽ

തിരുവനന്തപുരം: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുൾപ്പെടെയുള്ള അഭ്യസ്തവിദ്യരും പരിചയ സമ്പന്നരുമായ ഉദ്യോഗാർഥികൾക്ക് തൊഴിലവസരമൊരുക്കുന്ന പോർട്ടലുമായി സ്‌കൗട്ട് സ്റ്റാർട്ടപ്. ഉദ്യോഗാർഥികൾക്ക് പുതിയ തൊഴിൽ തേടുന്നതിനും നൈപുണ്യ വികസനത്തിനും സ്‌കൗട്ട് പോർട്ടലിന്റെ സഹായം തേടാം. കമ്പനികൾക്ക് നിയമന പ്രക്രിയ ലളിതമാക്കാനും ഇതുവഴി സാധിക്കും. വർധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാനും നൈപുണ്യ ശേഷി വികസനവും ലക്ഷ്യമിട്ടാണ് സ്റ്റാർട്ടപ് ആരംഭിച്ചതെന്ന് സ്‌കൗട്ട് ചെയർമാൻ ഡോ.എം.അയ്യപ്പൻ (എച്ച്.എൽ.എൽ. മുൻ സി.എം.ഡി) പറഞ്ഞു.

ഉദ്യോഗാർഥികൾക്ക് യോഗ്യത ഉണ്ടെങ്കിലും തൊഴിൽ വൈദഗ്ധ്യമില്ലെന്നത് ഈ രംഗത്തെ വലിയ പ്രതിസന്ധിയാണെന്നും വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ പരിഷ്‌കാരങ്ങളിലൂടെ മാത്രമേ ഒരു പരിധി വരെ ഇത് പരിഹരിക്കപ്പെടുകയുള്ളൂവെന്നും കമ്പനി ഡയറക്ടർ ഡോ.കുഞ്ചറിയ പി. ഐസക് (കെ.ടി.യു മുൻ വൈസ് ചാൻസലർ) ചൂണ്ടിക്കാട്ടി. യുവ എൻജിനീയർമാരായ മാത്യു പി. കുരുവിള, മാത്യൂ ജോർജ്, രാഹുൽ ചെറിയാൻ എന്നിവരാണ് സ്‌കൗട്ട് സ്റ്റാർട്ടപ്പിനു പിന്നിൽ. എല്ലാ മേഖലകളിലെയും തൊഴിലന്വേഷകർക്കായി സ്‌കൗട്ട് നിലവിൽ രജിസ്‌ട്രേഷനായി തുറന്നിട്ടുണ്ടെന്ന് സ്‌കൗട്ട് സി.ഇ.ഒ മാത്യു കുരുവിള പറഞ്ഞു.

Signature-ad

ഉദ്യോഗാർഥികൾക്ക് യോഗ്യതക്കും തൊഴിൽ പരിചയത്തിനും അനുസരിച്ചുളള തൊഴിലുകൾ ഏതെന്ന് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കണ്ടെത്താം. വിദ്യാഭ്യാസവും മുൻ പരിചയവും അളക്കുന്നതും ഈ മാർഗത്തിലൂടെ തന്നെയാണ്. അനുയോജ്യമായ ജോലി ഇല്ലെങ്കിൽ അത് നേടാനായുള്ള നൈപുണ്യ വികസന കോഴ്‌സുകളും സ്‌കൗട്ടിന്റെ ഭാഗമാണ്. കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് സ്‌കൗട്ടിൽ തന്നെ ലിസ്റ്റ് ചെയ്തിട്ടുളള ജോലികളിൽ അവസരം ഉണ്ടായിരിക്കും.

കമ്പനികളിലെ എച്ച്.ആർ വിഭാഗത്തിന്റെ ജോലി ലഘൂകരിക്കുന്നതാണ് സ്‌കൗട്ടിന്റെ മറ്റൊരു പ്രത്യേകത. സ്‌കൗട്ട് വഴി ജോലിക്കപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ യോഗ്യത, നൈപുണ്യം എന്നിവ മികച്ച വിശകലനത്തിലൂടെയും പരിശോധനയിലൂടെയും വിലയിരുത്തുന്നതിനാൽ റിക്രൂട്ടിംഗ് എളുപ്പമാകുന്നു.

Back to top button
error: