India

വനപാലകരുടെ ആര്‍ക്കിമിഡീസ് തത്വം ഫലിച്ചു; കിടങ്ങില്‍ വീണ ആനയെ രക്ഷിപ്പെടുത്തി; വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ കിടങ്ങില്‍ വീണ ആനയെ ആര്‍ക്കിമിഡീസ് തത്വം പ്രയോഗിച്ചു വനപാലകര്‍ രക്ഷിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കിടങ്ങില്‍ കുടുങ്ങിയ ആനയെ ഒരു കൂട്ടം വനപാലകര്‍ ചേര്‍ന്ന് രക്ഷിക്കുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ആനയെ കരകയറ്റാനായി വനപാലകര്‍ സ്വീകരിച്ച രീതിയാണ് പരക്കെ പ്രശംസിക്കപ്പെടുന്നത്. ആര്‍ക്കമിഡീസ് തത്വം പ്രയോഗിച്ചാണ് വനപാലകര്‍ ആനയെ കരകയറ്റിയത്.

Signature-ad

ഐ.എഫ്.എസ്. ഓഫീസറായ പര്‍വീണ്‍ കസ്വാനാണ് ആനയെ രക്ഷപെടുത്തുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിലാണ് സംഭവം. ആഴം കൂടിയ കിടങ്ങുകളിലൊന്നില്‍ ആന കുടുങ്ങുകയായിരുന്നു. ആനയെ രക്ഷപെടുത്താനായി വനപാലകരുടെ സംഘം കുഴിയില്‍ വെള്ളം നിറച്ചു. ഇതോടെ പൊങ്ങിവന്ന ആനയെ കയറിന്റെ സഹായത്തോടെ കിടങ്ങില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു.

പുലര്‍ച്ചെ ഒരുമണിയോടെയാണ് ആന കിടങ്ങില്‍ വീണ വിവരം വനം വകുപ്പിന് ലഭിക്കുന്നത്. തുടര്‍ന്ന് പുലര്‍ച്ചെ നാല് മണിയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി വനപാലകര്‍ ആനയെ കരയറ്റി. ആര്‍ക്കിമിഡീസ് തത്വം പ്രയോഗിച്ചുകൊണ്ടാണ് മിഡ്നാപുരില്‍ ആനയെ കിടങ്ങില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്ന് പര്‍വീണ്‍ കസ്വാന്‍ ട്വീറ്റ് ചെയ്തു. ഡി.എഫ്.ഒ. സന്ദീപ് ബെര്‍വാളിന്റെയും എ. ഡി.എഫ്.ഒമാരുടെയും നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനപാലകരുടെ നടപടിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. വനപാലകരുടെ മനസാന്നിധ്യത്തെ പ്രശംസിച്ച പലരും ഇത്തരം ഒരു സാഹചര്യത്തില്‍ ശാസ്ത്രതത്വം പ്രയോഗിച്ചതിനേയും അഭിന്ദിച്ചു. നേരത്തെ ജാര്‍ഖണ്ഡിലെ ഗുമ്ലയില്‍ കിണറ്റില്‍ വീണ ആനക്കുട്ടിയെ സമാനരീതിയില്‍ രക്ഷപെടുത്തിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമവാസികളും ചേര്‍ന്ന് ആനക്കുട്ടിയെ കരയ്‌ക്കെത്തിക്കാന്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതിനേ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ആര്‍ക്കമിഡീസ് സിദ്ധാന്തം പ്രയോഗിച്ചുള്ള പരീക്ഷണം നടത്തിയത്.

Back to top button
error: