റഷ്യ ഏതുനിമിഷവും യുക്രെയിനെ ആക്രമിക്കാൻ സാധ്യതയെന്നും ഇതിനു വലിയ വില നൽകേണ്ടി വരുമെന്നും അമേരിക്ക. വിമാനത്തിലൂടെ ബോംബ് വർഷിച്ചാകും ആക്രമണമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നൽകി.
റഷ്യ ഏതു നിമിഷവും ആക്രമണം തുടങ്ങിയേക്കുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി ചൊവ്വാഴ്ച മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയശേഷം പുടിൻ യുദ്ധം തുടങ്ങിയേക്കുമെന്ന സൂചനയുള്ളതായി ചില റിപ്പോർട്ടുകളിൽ പറയുന്നു.
യുക്രെയ്ൻ തലസ്ഥാനമായ കീവ് ആയിരിക്കും റഷ്യൻ സേന ലക്ഷ്യമിടുകയെന്ന് പാശ്ചാത്യ ഇന്റലിജൻസ് സംഘടനകൾ സൂചിപ്പിച്ചു. യുക്രെയ്ന്റെ കിഴക്കുഭാഗത്തോടു ചേർന്ന് ഒരു ലക്ഷം പട്ടാളക്കാരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന ബലാറൂസിൽ സംയുക്ത സൈനിക അഭ്യാസത്തിനെന്ന പേരിൽ 30,000 റഷ്യൻ പട്ടാളക്കാർ എത്തിയിട്ടുണ്ട്.
കരിങ്കടലിൽ റഷ്യൻ നാവികേസനയും അഭ്യാസത്തിനെന്ന പേരിൽ തയാറെടുത്തു നിൽക്കുന്നു. ഇതിനിടെ പ്രശ്ന പരിഹാരത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ ചർച്ച നടത്തി.
നൂറ്റാണ്ടുകളായി റഷ്യയോട് വിശ്വസ്തത പുലർത്തിയിരുന്ന യുക്രെയ്ൻ പാശ്ചാത്യ ശക്തികളുമായി അടുത്തതും നാറ്റോ സൈനികസഖ്യത്തിൽ ചേരാൻ ശ്രമിക്കുന്നതുമാണ് റഷ്യയെ പ്രകോപിപ്പിക്കുന്നത്. 2014ൽ റഷ്യൻ സേന അധിനിവേശം നടത്തി യുക്രെയ്ന്റെ ഭാഗമായ ക്രിമിയ പിടിച്ചെടുത്തിരുന്നു.