ഉത്തര്‍പ്രദേശ് കേരളമോ കശ്മീരോ ബംഗാളോ ആവരുതെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്ന് ആദ്യഘട്ട പോളിംങ്ങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്കി. യുപി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിനേയും യുപി മുഖ്യമന്ത്രി തന്റെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അവസാനവട്ട വോട്ടഭ്യര്‍ഥന നടത്തിയിരിക്കുന്നത്.
തന്റെ ഹൃദയത്തില്‍ തൊട്ട് ചില വിഷയങ്ങളാണ് വിശദീകരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ വീഡിയോ ആരംഭിക്കുന്നത്. അഞ്ചുവര്‍ഷത്തെ തന്റെ ഭരണകാലത്ത് പല അതിശയകരമായ സംഭവങ്ങളാണ് യുപിയില്‍ നടന്നതെന്ന് യോഗി ചൂണ്ടിക്കാണിക്കുന്നുണ്ട്. ശ്രദ്ധയോടെ വോട്ടെടുപ്പില്‍ പങ്കുകൊള്ളേണ്ടതിന്റെ ആവശ്യകത വിവരിക്കവെയാണ് വോട്ട് രേഖപ്പെടുത്തുന്നതില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാവുമെന്ന യോഗിയുടെ അവകാശവാദം. ഭയമില്ലാതെ ജീവിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്യം ഉറപ്പാണ് നിങ്ങള്‍ എനിക്ക് നല്കുന്ന വോട്ടെന്നും യോഗി പറഞ്ഞു.
ഇതിനിടെയാണ് കശ്മീരോ കേരളമോ ബംഗാളോ പോലെ യുപിയും മാറിപ്പോകുമെന്ന് യോഗി വിവാദമായ മുന്നറിയിപ്പും നല്‍കുന്നത്. ബിജെപിയുടെ ഇരട്ട എഞ്ചിന് ഭരണസംവിധാനത്തിന്റെ മികവില്‍ പ്രതിബദ്ധതയോടെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചിരുന്നതെന്നും യോഗി ചൂണ്ടിക്കാണിക്കുന്നുണ്ട്. യുപിയിലെ ആദ്യഘട്ട പോളിംങ്ങ് പുരോഗമിക്കുകയാണ്. യുപിയില്‍ ഭരണത്തുടര്‍ച്ച തേടുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥും വീണ്ടും സംസ്ഥാനത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ കച്ചക്കെട്ടിറങ്ങിയ മുന്‍ മുഖ്യമന്ത്രിയും സമാജ്്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുമ്പോള്‍ കടുത്ത പോരാട്ട വീര്യത്തിലാണ്.