കാറിൽ യാത്രചെയ്യുന്ന എല്ലാവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം. നിലവിൽ ഡ്രൈവർക്കു പുറമേ മുൻസീറ്റിലിരിക്കുന്നവർക്കു മാത്രമായിരുന്നു സീറ്റ് ബെൽറ്റ് നിർബന്ധം. പുതിയ നിയമമനുസരിച്ച് നടുക്കുള്ള സീറ്റുകളിലും പിൻസീറ്റുകളിലും യാത്ര ചെയ്യുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ സഞ്ചരിക്കുന്നത് കുറ്റകരമാണെങ്കിലും ഡ്രൈവർ ഒഴികെയുള്ള യാത്രക്കാരുടെ കാര്യത്തിൽ പലപ്പോഴും നിയമം പാലിക്കപ്പെടാറില്ല.
സ്വീഡിഷ് കാർ നിർമാതാക്കളായ വോൾവോ ഗ്രൂപ്പാണ് ഇന്ന് ഉപയോഗത്തിലുള്ള സീറ്റ് ബെൽറ്റുകൾ അവതരിപ്പിച്ചത്. നിലവിലെ സീറ്റ് ബെൽറ്റുകളാണ് അരയ്ക്കു ചുറ്റും ധരിക്കുന്ന സീറ്റ് ബെൽറ്റുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷ നൽകുന്നത്. കാറുകളിൽ എയർ ബാഗുകൾ നിർബന്ധമാക്കുന്നതിനു പിന്നാലെയാണ് മുഴുവൻ കാർ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിന് കേന്ദ്ര ഗതാഗത മന്ത്രാലയം തയാറെടുക്കുന്നത്.
ഒക്ടോബർ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. റോഡപകടങ്ങളിൽപ്പെടുന്നവരിൽ 30 ശതമാനം ആളുകളും സീറ്റ് ബെൽറ്റ് ധരിക്കാത്തവരാണെന്നാണ് കണ്ടെത്തൽ.