അമിതമദ്യപാനം വന്ധ്യതക്ക് ഒരു പ്രധാന കാരണമാണ്. പുരുഷന്മാരിൽ ഇത് ബീജത്തിന്റെ ഗുണമേന്മയെ മോശമായി ബാധിക്കുന്നു. സ്ത്രീകളിൽ ഗർഭം ധരിക്കാനുള്ള ശേഷിയെ ബാധിക്കുന്നു. ഗർഭിണികളിൽ ഇത് ഗർഭം അലസിപ്പോകാനും കാരണമാകുന്നു. മദ്യപാനം നിർത്തിയവരിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ മെച്ചപ്പെടുന്നതായി കാണാം.
അതിമദ്യപാനം ലൈംഗികശേഷിക്കുറവ്, താൽപര്യക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. ജനനേന്ദ്രിയ ഭാഗത്തേക്കുള്ള രക്തയോട്ടത്തിന്റെ കുറവ് അതിമദ്യപാനം മൂലം ഉണ്ടാകുന്നു. പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ്, സ്ഖലനരാഹിത്യം തുടങ്ങിയവ ഉണ്ടാകാൻ ഇതൊരു പ്രധാന കാരണമാണ്.
മദ്യപാനം നിർത്തണമെന്ന് ആത്മാർഥമായ ആഗ്രഹവും ദിവസേന മരുന്നുകഴിക്കാൻ തയ്യാറുമുള്ള രോഗികളിൽ മാത്രമേ ചികിത്സാരീതി ഫലപ്രദമാകയുള്ളു.മദ്യപന് മദ്യത്തോട് സാധാരണയുള്ള ആസക്തിക്കുപകരം വെറുപ്പുളവാക്കി അയാളെ മദ്യവർജകനാക്കാൻ സഹായിക്കുന്ന അരോചകചികിത്സ (Aversion Therapy) പലരും ഉപയോഗിച്ചു വരുന്നു.
ചികിത്സയിലെ പരമപ്രധാനമായ ഒരു ഘടകം സൈക്കോതെറാപ്പി എന്നറിയപ്പെടുന്ന മാനസിക ചികിത്സാസമ്പ്രദായമാണ്.രോഗിയും ഡോക്ടറും തമ്മിൽ അടുത്ത ബന്ധം ഉണ്ടാകുകയും, രോഗി തന്റെ പ്രശ്നങ്ങൾ തുറന്നു സംസാരിച്ച് അവയ്ക്ക് പരിഹാരം കണ്ടുപിടിക്കാൻ ശ്രമിക്കയും ചെയ്യുക എന്നതാണ് ഈ രീതിയുടെ അടിസ്ഥാനതത്ത്വം.രോഗികളെ ഒറ്റയ്ക്കും സംഘമായും ചിലപ്പോൾ പങ്കാളിയോടൊപ്പവും ഈ ചികിത്സയ്ക്ക് വിധേയരാക്കുന്നത് പ്രയോജനകരമാണ്