ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിർത്തുന്നതിനായി വളരെ വലിയ പങ്കു വഹിക്കുന്ന ഒന്നാണ് സോഡിയം. സോഡിയം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളിൽ ഒന്നാണ്. കോശങ്ങളുടെ അകത്തും പുറത്തുമുള്ള ജലാംശത്തെ കോശകോശാന്തര വൈദ്യുത വാഹകമാക്കുന്നത് ഇലക്ട്രോലൈറ്റുകളുടെ സാന്നിധ്യമാണ്.ശരീരത്തിലെ സോഡിയത്തിന്റെ ഭൂരിഭാഗവും രക്തത്തിലും, കോശങ്ങൾക്ക് ചുറ്റുമുള്ള ദ്രാവകത്തിലുമാണ് (പ്ലാസ്മദ്രവം) കാണപ്പെടുന്നത്. ഹൈപ്പോതലാമസ്, അഡ്രീനൽ ഗ്രന്ഥി, വൃക്കകൾ എന്നീ ശരീരഭാഗങ്ങളാണ് സോഡിയത്തിന്റെ സന്തുലനത്തിൽ മുഖ്യ പങ്കുവഹിക്കുന്നത്.
ശരീരത്തിൽ എത്തുന്ന ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം നേടിയെടുക്കുന്നത്. എന്നാൽ വിയർപ്പിലൂടെയും, മൂത്രത്തിലൂടെയും ഇവ നഷ്ടപ്പെടുകയും ചെയ്യുന്നു. ആരോഗ്യമുള്ള വൃക്കകൾ ശരീരത്തിന് ആവശ്യമായ സോഡിയത്തിന്റെ നില ക്രമീകരിച്ചുകൊണ്ട് മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നു. പ്രായമായവരിലാണ് ശരീരത്തിൽ സോഡിയത്തിന്റെ അസന്തുലിതാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. വൃക്കയുടെയും, അഡ്രീനൽ ഗ്രന്ഥികളുടെയും പ്രവർത്തനം മന്ദഗതിയിലാകുന്നതും, വെള്ളം വേണമെന്ന് തിരിച്ചറിയാനുള്ള കഴിവ് കുറയുന്നതും മറ്റും വാർധക്യത്തിലേക്ക് കടന്നവർക്കുണ്ടാകുന്ന ചില ബുദ്ധിമുട്ടുകളാണ്. ഇവയ്ക്കു പുറമെ ഇവർ കഴിക്കുന്ന ചില മരുന്നുകളും സോഡിയത്തിന്റെ അളവിൽ വ്യതിയാനം വരുത്തുന്നു.
ഹൈപ്പോനാട്രീമിയ എന്നാണ് സോഡിയം കുറഞ്ഞു പോകുന്ന അവസ്ഥയുടെ പേര്. സോഡിയത്തിന്റെ അളവിനേക്കാൾ സോഡിയം കുറയുന്ന വേഗതയാണ് ഇവിടെ പ്രധാനം.സോഡിയം പെട്ടെന്ന് കുറയുമ്പോഴാണ് കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്.ഓക്കാനം ,സ്വബോധമില്ലാത്ത അവസ്ഥ,ഓർമക്കുറവ്,ക്ഷീണം,തളർച് ച,അപസ്മാരം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.ചില ഘട്ടങ്ങളിൽ അപസ്മാരംകൊണ്ടും ബോധംനശിച്ചും കോമ സ്റ്റേജിലേക്കു വരെ രോഗി എത്തിപ്പെടും.
അതിനാൽ പ്രായമായവരിൽ അല്ലെങ്കിൽ കുഞ്ഞുങ്ങളിൽ ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ തീർച്ചയായും വേണ്ട വൈദ്യസഹായം നേടേണ്ടതുണ്ട്. രോഗം നിർണയിക്കപ്പെടുകയാണെങ്കിൽ, ഡോക്ടറുടെ നിർദേശപ്രകാരം ക്ലോറൈഡ് ലായിനി ഡ്രിപ്പായി നൽകുകയോ, ഭക്ഷണം ക്രമീകരിക്കുകയോ, കഴിക്കുന്ന മരുന്നുകളിൽ വ്യതിയാനം വരുത്തുകയോ ചെയ്യുന്നതായിരിക്കും. വിദഗ്ദ്ധാഭിപ്രായം ഇതിനു അത്യാവശ്യമാണ്. സ്വയം രോഗം നിർണയിക്കുന്നതും, ചികിത്സ ചെയ്യുന്നതും അപകടങ്ങൾ ക്ഷണിച്ചു വരുത്തും. അതിനാൽ യോഗ്യരായ ഡോക്ടറുടെ നിർദേശം സ്വീകരിച്ച് അതിനനുസരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
ശരിയായ ചികിത്സ കിട്ടുകയാണെങ്കിൽ പെട്ടെന്ന് പരിഹരിക്കാമെങ്കിലും സോഡിയം കുറയുന്ന അവസ്ഥ പലപ്പോഴും വൈകിയാണ് കണ്ടെത്തുന്നത്.അതിനാൽ നിങ്ങളുടെ പ്രിയപ്പെട്ടവർ പെട്ടെന്ന് ഓർമക്കുറവ്, സ്വബോധമില്ലാത്ത അവസ്ഥ എന്നിവ കാണിക്കുകയാണെങ്കിൽ പെട്ടെന്ന് വേണ്ട വൈദ്യസഹായം എത്തിക്കുക. നാഡികളുടെ പ്രവർത്തനത്തെ ഛിന്നഭിന്നമാക്കാൻ കഴിവുള്ള ഒന്നാണ് സോഡിയം കുറയുന്ന അവസ്ഥ എന്ന് മനസ്സിലാക്കി അവരുടെ അവസ്ഥ അവരുടെ നിയന്ത്രണത്തിൽ അല്ലെന്ന് അറിഞ്ഞുകൊണ്ട് അവരോടു സ്നേഹപൂർവം പെരുമാറുക.