വിനോദ്കുമാറിന് വീണ്ടും രാഷ്ട്രപതിയുടെ അംഗീകാരം
നാട്ടുകാര്‍ സ്നേഹപൂർവ്വം 'ഫയര്‍ഫോഴ്സ് വിനോദ്' എന്ന് വിളിക്കുന്ന കടയ്ക്കല്‍ അഗ്നിരക്ഷാ സേനയിലെ ഗ്രേഡ് അസി. സ്റ്റേഷന് ഓഫിസര്‍ കിളിമാനൂര്‍ പോങ്ങനാട് 'തിരുവോണണ'ത്തില്‍ ടി വിനോദ് കുമാറിന് രണ്ടാമതും രാഷ്ട്രപതിയുടെ പുരസ്കാരം
അഗ്നിരക്ഷാപ്രവര്‍ത്തനം, ജോലി എന്നതിലുപരി ജീവിതദൗത്യം കൂടിയാണ് വിനോദ്കുമാറിന്. ഈ അര്‍പ്പണമനോഭാവമാണ് അദ്ദേഹത്തെ വീണ്ടും രാഷ്ട്രപതിയുടെ അംഗീകാരത്തിന് അർഹനാക്കിയത്.
‘ഫയര്‍ഫോഴ്സ് വിനോദ്’ എന്ന് നാട്ടുകാര്‍ സ്നേഹപൂർവ്വം വിളിക്കുന്ന കടയ്ക്കല്‍ അഗ്നിരക്ഷാ സേനയിലെ ഗ്രേഡ് അസി. സ്റ്റേഷന് ഓഫിസര്‍ കിളിമാനൂര്‍ പോങ്ങനാട് ‘തിരുവോണണ’ത്തില്‍ ടി വിനോദ് കുമാറിനാണ് ഇത്തവണ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ ലഭിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാലും അടുത്തെവിടെയെങ്കിലും അപകടമോ തീപിടിത്തമോ ഉണ്ടായാല്‍ അവിടേക്ക് ഓടിയെത്താനും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും മടിയില്ലാത്തയാളാണ് വിനോദ് കുമാര്‍. 1996ല്‍ കൊല്ലം കടപ്പാക്കടയിലാണ് ജോലിയില്‍ പ്രവേശിച്ചത്. 2010ല്‍ മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വിസ് മെഡല്‍ ലഭിച്ച വിനോദിന് 2015ല്‍ സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിരുന്നു.
അഗ്നിരക്ഷാസേനയുടെ വെല്ലുവിളി നിറഞ്ഞ പല ദൗത്യങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വടകര പയ്യോളിയില്‍ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിച്ച അപകടം, കൊല്ലം പുറ്റിങ്ങല്‍ ദുരന്തം, പമ്പ ഹില്‍ ടോപ്പിലുണ്ടായ അപകടം, നിലമേല്‍ പെട്രോള്‍ പമ്പില്‍ കിടന്ന ബസിലും സമീപത്തെ ഷോപ്പിങ് മാളിലുമുണ്ടായ തീപിടിത്തം എന്നിവ അതില്‍ ചിലതുമാത്രം.
കടയ്ക്കല്‍ അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലാണ് അന്ന് നിലമേല്‍ ടൗണിനെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. സേവനകാലത്തിനിടയില്‍ ഒട്ടേറെ ജീവന് രക്ഷിക്കാനും മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്കും ആത്മഹത്യക്ക് തുനിഞ്ഞവര്ക്കുമൊക്കെ രക്ഷനല്കാന് കഴിഞ്ഞതും ജീവിതത്തിലെ വലിയ ഭാഗ്യങ്ങളാണെന്ന് വിനോദ് കുമാര്‍ പറയുന്നു.