FoodLIFE

കൈ നിറയെ കാശിന് കാന്താരി കൃഷി 

ലയാളിയോട് കാന്താരി മുളകിനെപ്പറ്റി പറയേണ്ട കാര്യമില്ല.ഒരുകാലത്ത് മലയാളികളുടെ അടുക്കളയിലെ നിത്യ സാന്നിദ്ധ്യമായിരുന്നു കാന്താരി മുളക്.കേരളത്തിലെവിടെയും നല്ലതുപോലെ വളരുകയും വിളവ് തരികയും ചെയ്യുന്ന ഒരിനമാണ് ഇത്.പക്ഷെ വീട്ടിലെ ഉപയോഗത്തിനു ശേഷം ബാക്കി വരുന്ന തൊണ്ണൂറു ശതമാനവും നാം പാഴാക്കി കളയുകയാണ് ചെയ്യുന്നത്.അല്ലെങ്കിൽ ചെടിയുടെ ചുവട്ടിൽ തന്നെ പഴുത്തു വീണ് നശിച്ചുപോകുന്നു.എല്ലായിടത്തുമുണ്ട് എന്നാൽ ആർക്കും വേണ്ട-ഇതായിരുന്നു കാന്താരി മുളകിന്റെ ഒരുകാലത്തെ അവസ്ഥ !

എന്നാൽ ഇപ്പോൾ കഥയാകെ മാറിയിരിക്കുകയാണ്.റബർമരങ്ങൾക്കിടയിലും തണലിലും ഏത് ചൂടലിലും വളരുന്ന കാന്താരിമുളകിനു വിപണിയിൽ ഇപ്പോൾ പൊന്നുംവിലയാണ്.പലയിടങ്ങളിലും കിലോയ്ക്ക് 600 രൂപ വരെ ഈ വർഷം വില വന്നു.കഴിഞ്ഞ വർഷം അത് ആയിരം രൂപയ്ക്കും മുകളിൽ പോയി.

 

Signature-ad

 ഇത് ശരിക്കും കാന്താരിയുടെ രണ്ടാം വരവാണ്.കഴിഞ്ഞ വർഷം മാർച്ച് രണ്ടാമത്തെ ആഴ്ച കൂത്താട്ടുകുളം ലേല വിപണിയില്‍ കാന്താരി മുളകിന്റെ വില കിലോഗ്രാമിന്  1300 രൂപയായിരുന്നു.ചില്ലറ വില്പന ശാലകളിലെ വില 100 ഗ്രാമിന് 200 രൂപ വരെ. ചൂടുള്ള എരിവുമായി ഒരു കാലത്ത് നമ്മുടെ അടുക്കളയില്‍ നിറഞ്ഞു നിന്ന കാന്താരി പുതിയ മുളകിനങ്ങളുടെ തള്ളിക്കയറ്റത്തിനിടയില്‍ പതിയെ പിന്തള്ളപ്പെടുകയായിരുന്നു.

 

ഇടിച്ചു കയറി വന്ന പച്ച മുളകിനങ്ങള്‍ ഇപ്പോള്‍ കാന്താരിയുടെ തങ്കത്തിളക്കത്തിനിടയില്‍ പതിയെ പുറകോട്ടുപോകുന്ന കാഴ്ചയാണ് കാണുന്നത്.കാന്താരി മുളകില്‍ ധരാളമായി കണ്ടു വരുന്ന ക്യാപ്‌സിയില്‍ എന്ന രാസ ഘടകത്തിന് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും കഴിയുമെന്ന ചില പഠനങ്ങളാണ് കാന്താരിയുടെ ശക്തമായ രണ്ടാം വരവിനു പിന്നിലെ രഹസ്യം.ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനു പുറമേ രക്ത സമര്‍ദ്ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളേയും കാന്താരി മുളക് പ്രതിരോധിക്കും.

കോട്ടയം എരുമേലിക്കു സമീപമുള്ള കണമല സർവീസ് സഹകരണ ബാങ്ക് കർഷകരിൽ നിന്ന് കിലോയ്ക്ക് ഇരുന്നൂറ്റമ്പത് രൂപ എന്ന നിരക്കിൽ ഇപ്പോഴും കാന്താരി മുളക് ശേഖരിക്കുന്നുണ്ട്.റബർ ഷീറ്റിന് കിലോയ്ക്ക് ഇരുന്നൂറിൽ താഴെ  ഉള്ളപ്പോഴാണ് ഇതെന്നോർക്കണം!

 പാചകത്തിനു മാത്രമല്ല ഔഷധമായും കാന്താരി ഉപയോഗിക്കുന്നു.വാതരോഗം , അജീര്‍ണം, വായുക്ഷോഭം, പൊണ്ണത്തടി, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാന്‍ കാന്താരി ഉത്തമമാണന്ന് പറയപ്പെടുന്നു.ജീവകം സിയുടെ ഉറവിടമാണ് കാന്താരി മുളക്.ഇതില്‍ ധാരാളമുള്ള ക്യാപ്സിയില്‍ എന്ന രാസ ഘടകത്തിന് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും കഴിയുമെന്നു തെളിഞ്ഞതോടെയാണ് കാന്താരിയുടെ ഡിമാന്റ് കൂടിയത്.

 

കാന്താരി മുളകിന് ചീനിമുളക്, ചുനിയന്‍ മുളക്, പാല്‍ മുളക്, കിളി മുളക് തുടങ്ങിയ പേരുകളുമുണ്ട്.അതേപോലെ കാന്താരി പല നിറങ്ങളിലും പല ആകൃതിയിലുമുണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, വൈലറ്റ്, നീളന്‍, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനമുണ്ട്.പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍.വെള്ളക്കാന്താരിക്ക്  താരതമ്യേന എരിവ് അല്‍പ്പം കുറവാണ്.കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.

 

 ഏതു കാലാവസ്ഥയിലും നന്നായി വളരും എന്നതാണ് കാന്താരിയുടെ പ്രത്യേകത.വെയിലോ മഴയോ ഒന്നും അതിന് പ്രശ്‌നമല്ല.ഇനി പ്രത്യേകിച്ച് പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വീട്ടാവശ്യത്തിന് വേണ്ടുന്ന മുളക് ഒരു ചെടിയിൽ നിന്ന് ലഭിക്കും.ചെടികള്‍ക്ക് മൂന്നു മുതൽ നാലു ‍ വർഷം വരെ ആയുസ് കാണാറുണ്ട്.നേരിട്ടു സുര്യപ്രകാശം പതിക്കാത്ത സ്ഥലങ്ങളിലും വളരുമെന്നതിനാല്‍ കാന്താരി തെങ്ങിന്‍ തോപ്പുകളിലും റബർ തോട്ടങ്ങളിലുമൊക്കെ ഇടവിളയായും കൃഷി ചെയ്യാം.

 

കാന്താരി മുളകിന്റെ ചെടികള്‍ ഏകദേശം രണ്ടു മീറ്ററോളം ഉയരത്തില്‍ വളരും. ധാരാളം ശഖോപശാഖകള്‍ ഉണ്ടായിരിക്കും. മുള്ളിന്റെ നിറത്തിലും ആകൃതിയിലുമെല്ലാ ഒട്ടേറെ വൈവിദ്ധ്യമുണ്ട്. കാപ്‌സിക്കം ഫ്രൂട്ടിസന്‍സ് എന്നാണ് ഇതിന്റെ ശാസ്ത്ര നാമം.

 

പണ്ട് കാന്താരി മിക്ക പറമ്പുകളിലും തനിയെ വളരുമായിരുന്നു.പ്രകൃതി തന്നെ അതിന്റെ വിതരണം നടത്തിയിരുന്നു.എന്നാൽ വിപണിയിൽ മൂല്യമില്ല എന്ന ഒറ്റക്കാരണത്താൽ എല്ലാവരും പതിയെ കാന്താരിയെ കൈയ്യൊഴിയുകയായിരുന്നു.

 

 എപ്പോഴും വലിയ വില ലഭിക്കില്ല എന്നതാണ് കാന്താരി കൃഷിയുടെ ഒരു പോരായ്മ .എന്നാൽ  പാകമെത്തിയശേഷം ശാസ്ത്രീയമായി സംസ്‌കരിച്ച് ഉണക്കിയെടുത്ത കാന്താരിക്ക് എപ്പോഴും നല്ല വില തന്നെയാണ് ഉള്ളത്. ഔഷധഗുണങ്ങളെക്കുറിച്ചുള്ള പ്രചാരണം കാരണം വിദേശത്തും കാന്താരിക്ക് ഇന്ന് നല്ല ഡിമാന്റാണ്. ഫലപ്രദമായ ഒരു വേദന സംഹാരി കൂടിയാണ് കാന്താരി. കാന്താരിയിലെ ക്യാപ്‌സിസിന്‍. ദഹനം സുഗമമാക്കും. വിശപ്പ് കൂട്ടും.കാന്‍സര്‍ രോഗികള്‍ക്ക് വേദന കുറയ്ക്കാന്‍ ഇത് എങ്ങനെ ഉപയേഗിക്കാമെന്ന് ഗവേഷണം നടന്നു വരുന്നു.ശരീരത്തിന് ഹാനീകരമായ സൂക്ഷ്മാണുക്കളെ ഇത് പ്രതിരോധിക്കും.വാതരോഗങ്ങള്‍, പേശികളുടെ വേദന, ശരീര വേദന എന്നിവയ്‌ക്കെല്ലാം ക്യാപ്‌സിസിന്‍ ഫലപ്രദമായ ഔഷധമാണ്.
 പോഷക മേന്മയിലും മുന്‍ നിരയില്‍ തന്നെയാണ് കാന്താരി.വൈറ്റമിന്‍ എ, സി, ഇ എന്നിവയ്ക്ക് പുറമേ കാത്സ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. കീടങ്ങളെ അകറ്റുമെന്നതിനാല്‍ കാന്താരി ലായനിക്ക് ജൈവകൃഷിയിലും പ്രാധാന്യമുണ്ട്.ചമ്മന്തി, സംഭാരം തുടങ്ങിയവയില്‍ കാന്താരി പണ്ടു കാലം മുതലേ ഉപയോഗിച്ചിരുന്നു.

കാന്താരിയുടെ മൊത്തവ്യാപാരം കൂടുതലായി നടക്കുന്നത് തൃശൂരൂം കൂത്താട്ടുകുളത്തും പന്തളത്തുമാണ്. എന്നാൽ ഡിമാന്റ് കൂടിയതോടെ ഇപ്പോൽ മിക്ക മാർക്കറ്റുകളിലും  കാന്താരി മുളക് എടുക്കുന്നുണ്ട്.

 

Back to top button
error: