അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയും ചൈനയും അഞ്ചിന പൊതുമിനിമം അജണ്ടയിൽ എത്തിയതായി സംയുക്ത പ്രസ്താവന
അതിർത്തിയിൽ തർക്കം പരിഹരിക്കാൻ ഇന്ത്യ – ചൈന വിദേശകാര്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തി .ഷാങ്ഹായി കോഓപറേഷൻ സമ്മേളനത്തിനോട് അനുബന്ധിച്ചാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത് .നിശ്ചയിച്ച സമയത്തിനും മൂന്നു മണിക്കൂർ കഴിഞ്ഞാണ് കൂടിക്കാഴ്ച ആരംഭിച്ചത് .കൂടിക്കാഴ്ച രണ്ടു മണിക്കൂർ നീണ്ടു നിന്നു .
ഇന്ത്യ -ചൈന ബന്ധത്തിൽ ആഴത്തിൽ ഉള്ള ചർച്ചനടന്നതായി വിദേശ കാര്യാ മന്ത്രാലയങ്ങൾ സംയുക്തമായി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു .ചർച്ച തുടരാനും അതിർത്തിയിൽ അകലം പാലിക്കാനും തീരുമാനം എടുത്തതായി പ്രസ്താവന പറയുന്നു .
നയതന്ത്ര ചർച്ചകളിൽ ഉരുത്തിരിയുന്ന സമവായ തീരുമാനങ്ങൾ നേതൃത്വത്തിന്റെ നിർദേശം അനുസരിച്ച് നടപ്പാക്കും .അതിർത്തിയിൽ ഉരുത്തിരിയുന്നത് മെച്ചപ്പെട്ട സാഹചര്യം അല്ലെന്നു വിലയിരുത്തി സേന വിഭാഗങ്ങൾ തമ്മിലും ചർച്ചകൾ ഉണ്ടാകും .നിലവിലുള്ള കരാറുകൾ അതുപോലെ നടപ്പാക്കി മേഖലയിൽ സമാധാന അന്തരീക്ഷം കൊണ്ട് വരും .പ്രത്യേക പ്രതിനിധി സംഘം വഴി ആശയവിനിമയം തുടരും .സുദൃഢമായ ബന്ധം ഉണ്ടാക്കുന്നതിനുള്ള ആത്മവിശ്വാസം വളർത്താൻ ഇരു രാജ്യങ്ങളും നടപടികൾ കൈക്കൊള്ളും .
“അയൽ രാജ്യങ്ങൾ എന്ന നിലയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം .എന്നാൽ ചർച്ചകളിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് പ്രധാനം .”വാങ് യി പറഞ്ഞതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു .